Breaking news, Gulf, Latest news

ഷാർജ മഴക്കെടുതി: നാശനഷ്ടങ്ങൾ വിലയിരുത്തി അധികൃതർ

ഷാർജ: ശക്തമായ മഴമൂലം എമിറേറ്റിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി അധികൃതർ. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങൾ വൃത്തിയാക്കൽ, റോഡ് സുരക്ഷ വിലയിരുത്തൽ, ഒറ്റപ്പെട്ട കെട്ടിടങ്ങളിലെ കുടുംബങ്ങൾക്ക് പിന്തുണ നൽകൽ എന്നിവ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെയും പൊതു സുരക്ഷയുടെയും സമഗ്ര വിലയിരുത്തൽ നടക്കുകയാണ്. ഇതിന്‍റെ ഭാഗമായി, ഹ്രസ്വകാല, ദീർഘകാല പരിഹാരങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ അംഗങ്ങൾ കഴിഞ്ഞ ദിവസം ചർച്ച ചെയ്തു.

പ്രകൃതിദുരന്തങ്ങളെ വ്യത്യസ്ത രീതിയിൽ നേരിടേണ്ടതുണ്ടെന്ന് കൗൺസിൽ ചെയർമാനും മുൻ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രിയുമായ അബ്ദുല്ല ബെൽഹൈഫ് അൽ നുഐമി പറഞ്ഞു. സവിശേഷവും വ്യത്യസ്തവുമായ ആശയങ്ങൾ കൊണ്ടുവരാനുള്ള കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൗൺസിൽ മുന്നോട്ടുവയ്ക്കുന്ന ശുപാർശകളും ആശയങ്ങളും അനുസരിച്ചായിരിക്കും നടപടികൾ സ്വീകരിക്കുകയെന്നും തീരുമാനമെടുക്കാൻ അധികാരികൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിന് മുൻപ് കാര്യക്ഷമമായി പരിഷ്കരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.