സോൾട്ടിന്റെ വെടിക്കെട്ട്, ചക്രവർത്തിയുടെ സ്പിൻ: ഡൽഹിയെ വീഴ്ത്തി കെകെആർ
സോൾട്ടിന്റെ ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്തിൽ ഡൽഹിയെ തകർത്ത് കൊൽക്കത്ത. പോയിൻ്റ് ടേബിളിലെ രണ്ടാം സ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കാതിരിക്കാൻ പോരാടിയ കൊൽക്കത്തയുടെ വിജയം 7 വിക്കറ്റിനായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ വലിയ സ്കോറിലേക്ക് പോകാതെ 153-ൽ ഒതുക്കി കൊൽക്കത്ത. ഒരു അർധ സെഞ്ച്വറി പ്രകടനം പോലും സംഭവിക്കാത്ത ഡൽഹി ഇന്നിങ്സിൽ 26 പന്തിൽ 35 റൺസ് നേടിയ കുൽദീപാണ് ടോപ് സ്കോറർ. 4 ഓവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത വരുൺ ചക്രവർത്തിയാണ് ഡൽഹിയെ തകർത്തത്
താരതമ്യേനെ എളുപ്പമുള്ള സ്കോർ പിന്തുടർന്നിറങ്ങിയ കൊൽക്കത്ത തുടക്കത്തിലേ തന്നെ സോൾട്ടിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ കളി പിടിച്ചു. സുനിൽ നരേയ്ൻ എളുപ്പം പുറത്തായെങ്കിലും 33 പന്തിൽ 68 റൺസ് നേടിയ സോൾട്ട് കാര്യങ്ങൾ കെകെആറിന് അനുകൂലമാക്കി. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ റിങ്കു സിങ് വന്നെങ്കിലും 11 പന്തിൽ 11 റൺസ് നേടാനെ കഴിഞ്ഞുള്ളു. പിന്നീട് ഒത്തു ചേർന്ന ക്യാപ്റ്റൻ ശ്രേയസും വെങ്കിടേഷ് അയ്യറും പുറത്താകാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഡൽഹി നിരയിൽ ആക്സർ പട്ടേൽ രണ്ട് വിക്കറ്റ് നേടി. വിജയത്തോടെ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞു. ഡൽഹി നിലവിൽ ആറാം സ്ഥാനത്താണ്.