ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം ദുബായിൽ ഒരുങ്ങുന്നു: ചെലവ് 2.9 ലക്ഷം കോടി
ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്കി. കഴിഞ്ഞ ഞായറാഴ്ചയാണ് അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് പദ്ധതിക്ക് ദുബായ് ഭരണാധികാരി അന്തിമ അംഗീകാരം നൽകിയത്.
സൗത്ത് ദുബായ് പദ്ധതിയുടെ ഭാഗമായിട്ടാണ് നിലവിലുള്ള വിമാനത്താവളത്തിൽ പുതിയ ടെർമനിലുകൾ വരുന്നത്. തെക്കൻ ദുബായിൽ ജബർ അലി തുറമുഖത്തിനും ദുബായ് എക്സ്പോ വേദിക്കും അടുത്തായിട്ടാണ് വിമാനത്താവളം വരിക. പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനുണ്ടാവുക.
ഇത് യാഥാര്‍ഥ്യമാവുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം, ഏറ്റവും വലിയ തുറമുഖം തുറമുഖം, ഏറ്റവും വലിയ നഗരകേന്ദ്രം തുടങ്ങിയ സവിശേഷതകള്‍ ദുബായ്ക്ക് സ്വന്തമാവുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത എക്സ് സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഇതിന് നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലിപ്പമുണ്ടാകും. വ്യോമയാന മേഖലയില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് പുതിയ വിമാനത്താവളത്തില്‍ ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍ മക്തൂം വിമാനത്താവളത്തിന്റെ നിര്‍മാണത്തോടെ ആഗോള വ്യോമയാന മേഖലയുടെ വളര്‍ച്ചയില്‍ പുതിയ ഘട്ടം തുടങ്ങുകയാണ്.