ബിജെപി ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പിച്ചു: അമിത് ഷാ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 100 സീറ്റ് ഇപ്പോൽ തന്നെ ഉറപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലടക്കം പോളിങ് കഴിഞ്ഞ സ്ഥലങ്ങളിലെ ട്രെൻഡും ബിജെപിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. അസം, ബംഗാൾ, യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിൽ വലിയ വിജയം ബിജെപിയും എൻഡിഎയും നേടും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് നേടിയാൽ ബിജെപി സംവരണം നിർത്തുമെന്നാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. കോൺഗ്രസ് തെറ്റായ പ്രചാരണം നിർത്തണം. ബിജെപി സംവരണം നിർത്തുമെന്നത് തെറ്റായ പ്രചാരണമാണ്. വ്യാജ വീഡിയോ അടക്കം പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങൾ സത്യം അറിയണം. വ്യാജ വിഡിയോ പ്രചരിപ്പിച്ചും, ബിജെപി പ്രകടന പത്രികയെ വളച്ചൊടിച്ചും പ്രചാരണം നടത്തുകയാണ് കോൺഗ്രസ് എന്നും അമിത് ഷാ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയാണ് വ്യാജ വിഡിയോ പ്രചാരണത്തിന് പിന്നിലെന്നും അമിത് ഷാ ആരോപിച്ചു.
പ്രജ്ജ്വലുമായി ബന്ധപ്പെട്ട വിഡിയോ വിവാദം ദൗർഭാഗ്യകരമായ സംഭവമാണ്. ബിജെപി ഭാരതത്തിലെ സ്ത്രീകൾക്കൊപ്പമാണ്. നരേന്ദ്ര മോദി സർക്കാർ സ്ത്രീകൾക്കെതിരായ പ്രവർത്തനങ്ങളെ ഒരിക്കലും അനുകൂലിക്കില്ല. സംഭവത്തിൽ ശക്തമായ നടപടിയെടുക്കും. അതിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്യില്ലെന്നും അമിത് ഷാ പറഞ്ഞു.