ബി സിയിൽ ഇന്ത്യൻ യുവാവ് കുത്തേറ്റ് മരിച്ച സംഭവം: പ്രതി അറസ്റ്റിൽ
വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ വൈറ്റ് റോക്കിൽ കുത്തേറ്റ് ഇന്ത്യൻ യുവാവ് മരിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ബിസി ഇൻറഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം. ഇന്ത്യക്കാരനായ കുൽവീന്ദർ സിങ് സോഹി (27)യാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 23 രാത്രി ഒമ്പതരയോടെ മറൈൻ ഡ്രൈവിലെ 15400-ബ്ലോക്കിലാണ് സംഭവം. അന്വേഷണം തുടരുകയാണെന്നും സുരക്ഷയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കയെ കരുതിയാണ് അറസ്റ്റിനെക്കുറിച്ച് അറിയിക്കുന്നതെന്നും പൊലീസ് പറയുന്നു.
2019-ൽ കാനഡയിലേക്ക് താമസം മാറിയ സോഹി പ്ലംബറായി ജോലി ചെയ്തുവരികയായിരുന്നു. ബീച്ചിന് സമീപം ഇരിക്കുന്നതിനിടെയാണ് സോഹിക്ക് കുത്തേറ്റത്. സോഹിയെ അടിയന്തര രക്ഷാപ്രവർത്തകർ പരിചരിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.
കുൽവീന്ദർ സിങ് സോഹിയുടെ കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ്, ഞായറാഴ്ച രാത്രി മറ്റൊരു സിഖ് വംശജനും ഇതേ സ്ഥലത്ത് സമാനമായി രീതിയിൽ കുത്തേറ്റിരുന്നു. ഭാര്യയോടൊപ്പം ബീച്ചിന് സമീപം ഇരിക്കുകയായിരുന്ന 28 വയസ്സുള്ള ജതീന്ദർ സിങിനാണ് കുത്തേറ്റത്. ബെഞ്ചിൽ ഇരുന്നിരുന്ന ജതീന്ദർ സിങിന്റെ കഴുത്തിന് പിന്നിൽ തൊപ്പിയും ഹൂഡിയും ധരിച്ച ഒരാൾ കുത്തിയതായി പൊലീസ് പറയുന്നു. സറേയിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ജതീന്ദർ ഭാര്യ ഭാര്യ മൻപ്രീത് കൗറിനൊപ്പം രണ്ടു മാസം മുമ്പ് മാത്രമാണ് കാനഡയിലെത്തിയത്.
ഏപ്രിൽ 23-ന് രാത്രി എട്ടു മണിക്കും പത്ത് മണിക്കും ഇടയിൽ വൈറ്റ് റോക്ക് പ്രൊമെനേഡിന് സമീപമുണ്ടായിരുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.