ചൂട് കൂടും; പാലക്കാട് ഉഷ്ണതരംഗം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രിയും, തൃശൂരിൽ 40 ഡിഗ്രിയുമാണ് താപനില. കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രി വരെയും താപനില കൂടും. ഇടുക്കി, വയനാട് ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പാലക്കട് ഉഷ്ണതരംഗത്തിന്റെ മുന്നറിയിപ്പ് നൽകിയതോടെ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ചൂട് കൂടുമ്പോൾ രോഗങ്ങൾ വർധിക്കാനുള്ള സാധ്യതകൾ കൂടുതലാണെന്നും കൃത്യ സമയങ്ങളിൽ ചികിത്സ തേടണമെന്നും നിർദേശത്തിൽ പറയുന്നു. പാലക്കാട് ജില്ലയിൽ വെള്ളിയാഴ്ച വരെ 198 പേരാണ് ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളിൽ ചികിത്സ തേടിയത്. ഇതിൽ 22 പേർ ചെറിയ പൊള്ളലേറ്റ് ചികിത്സ തേടിയവരാണ്.
ഉഷ്ണതരംഗമുള്ള പ്രദേശങ്ങളിൽ പകൽ സമയങ്ങളിൽ പുറത്തേക്കിറങ്ങുന്നത് പരമാവധി കുറയ്ക്കണം. പുറത്തിറങ്ങുമ്പോൾ നിർജലീകരണം തടയുന്നതിനായി വെള്ളം ധാരാളം കുടിക്കുക. ശരീരത്തിൽ വെയിൽ ഏൽക്കുന്നത് കുറയ്ക്കുകയും പുറത്തുള്ള കായിക വിനോദങ്ങൾകുറയ്ക്കുകയും ചെയ്യുക. ഗർഭിണികൾ, കുട്ടികൾ, വയോധികർ, ദിവ്യാംഗർ തുടങ്ങിവരുടെ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ഇവർക്ക് ധാരാളം വെള്ളം കുടിക്കാൻ നൽകുകയും പഴവർഗങ്ങളും മറ്റും നൽകി നിർജലീകരണം തടയാനും ശ്രമിക്കണം. പുറത്തേക്കിറങ്ങുമ്പോൾ കുടയും ചെരിപ്പും നിർബന്ധമായി ഉപയോഗിക്കാം. മദ്യം, കാർബണേറ്റ് പാനീയങ്ങൾ, കാപ്പി, ചായ തുടങ്ങി നിർജലീകരണമുണ്ടാക്കുന്നവ പൂർണമായും ചൂട് സമയങ്ങളിൽ ഒഴിവാക്കുക