ഉഷ്ണതരംഗം: പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട്
പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്നു മുതൽ മേയ് 2 വരെ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ മേയ് 2 വരെ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെലോ അലർട്ടും പ്രഖ്യാപിച്ചു.
മേയ് 4 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, കാസർകോട്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, (സാധാരണയെക്കാൾ 3 – 5 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 30 മുതൽ മെയ് 04 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഉയർന്ന രാത്രി താപനില തുടരാൻ സാധ്യത.