‘ഇ.പിക്ക് പാർട്ടി പിന്തുണ, ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയ ചർച്ചയ്ക്കല്ല’: എം.വി.ഗോവിന്ദൻ
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ ആസൂത്രിത നീക്കം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇ.പി എൽഡിഎഫ് കൺവീനറായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇപിക്കെതിരായി ആസൂത്രിത നീക്കം നടക്കുന്നുണ്ട്. അതിൽ നിയമ നടപടി സ്വീകരിക്കാൻ പാർട്ടി ജയരാജനെ ചുമതലപ്പെടുത്തി. ദല്ലാൾ നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞ അഭിപ്രായം തന്നെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. നന്ദകുമാറുമായി ഇപ്പോൾ ബന്ധമില്ലെന്നാണ് ഇ.പി പറഞ്ഞതെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
”ഇ.പി.ജയരാജൻ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞതാണ്. നടന്ന കാര്യങ്ങൾ വളരെ നിഷ്കളങ്കമായിപറഞ്ഞു. അദ്ദേഹം ആ പറഞ്ഞതിന്റെ പേരിൽ പ്രചാരവേല നടക്കുന്നുണ്ട്. പാർട്ടിക്ക് എല്ലാം ബോധ്യമായി. ആരോപണങ്ങൾക്കെതിരെ ഇ.പിക്ക് നിയമനടപടി സ്വീകരിക്കാം. ആരെയെങ്കിലും കണ്ടാൽ ഇടതു പ്രത്യയശാസ്ത്രം നശിക്കുമെന്ന് വിചാരിക്കേണ്ട. രാഷ്ട്രീയ എതിരാളികളെ കാണുമ്പോൾ അവസാനിക്കുന്നതാണ് പ്രത്യയശാസ്ത്ര ബോധമെന്നത് പൈങ്കിളി സങ്കൽപ്പമാണ്. ഇ.പിയുടെ തുറന്നുപറച്ചിൽ തിരഞ്ഞെടുപ്പിൽ ദോഷമാകില്ല. ഇ.പി ജാവഡേക്കറെ കണ്ടത് രാഷ്ട്രീയ ചർച്ച നടത്താനല്ല. അതിനാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ല. സാധാരണ കൂടിക്കാഴ്ച പാർട്ടിയെ അറിയിക്കേണ്ടതില്ല.” രാഷ്ട്രീയം പറഞ്ഞെങ്കിൽ മാത്രം പാർട്ടിയെ അറിയിച്ചാൽ മതി എന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം, വടകര ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഇത് ജനങ്ങൾക്കിടയിൽ തുറന്നുകാട്ടുമെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ വിശദാംശങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വടകരയിൽ ബിജെപി വോട്ടുകൾ കോൺഗ്രസിനു നൽകാൻ അഹ്വാനമുണ്ടായി. എൽഡിഎഫിനെ ദുർബലപ്പെടുത്തുകയാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും അജൻഡ. ജനങ്ങൾ ഇതു തള്ളിക്കളയുമെന്നാണ് വിശ്വാസമെന്നും ഗോവിന്ദൻ പറഞ്ഞു.