IRCC ബാക്ക്‌ലോഗ് അപ്‌ഡേറ്റ്: സ്റ്റഡി പെർമിറ്റ് അപേക്ഷകളുടെ ബാക്ക്‌ലോഗിൽ വർധന
ഓട്ടവ : കാനഡ റെക്കോർഡ് എണ്ണം ഇമിഗ്രേഷൻ, വീസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). മാർച്ച് 31 വരെ ഇൻവെൻ്ററിയിലെ 2.2 ദശലക്ഷം അപേക്ഷകളിൽ 892,000 പൗരത്വ, ഇമിഗ്രേഷൻ, വീസ അപേക്ഷകൾ സാധാരണ പ്രോസസ്സിങ് മാനദണ്ഡങ്ങൾ മറികടക്കുന്ന ബാക്ക്‌ലോഗുകളാണ്. മാർച്ചിലെ IRCC ബാക്ക്‌ലോഗ് അപ്‌ഡേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ സംഖ്യ 7,200 (0.80%) മാത്രമേ കുറഞ്ഞിട്ടുള്ളൂ.
സ്റ്റഡി പെർമിറ്റ് അപേക്ഷകളുടെ ബാക്ക്‌ലോഗിൽ വർധന ഉണ്ടായതായി ഐആർസിസി അറിയിച്ചു. ഡിസംബറിൽ, സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ 18% ബാക്ക്‌ലോഗ് ആയിരുന്നു. എന്നാൽ, ഇത് ജനുവരിയിൽ 23% ആയും പിന്നീട് ഫെബ്രുവരിയിൽ 43% ആയും ഇപ്പോൾ മാർച്ചിൽ 46% ആയും വർധിച്ചു.
സ്ഥിര താമസ അപേക്ഷകളിൽ 59% മാത്രമേ പ്രോസസ്സ് ചെയ്യുന്നുള്ളൂ. താൽക്കാലിക താമസ അപേക്ഷകളിൽ ഇത് 55% ആണ്. സ്ഥിര താമസത്തിനും താത്കാലിക താമസത്തിനും വേണ്ടിയുള്ള പുതിയ അപേക്ഷകളുടെ എണ്ണത്തിൽ വർധന ഉണ്ടായതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ അറിയിച്ചു.
പൗരത്വം, ഇമിഗ്രേഷൻ, താൽക്കാലിക വീസ എന്നിവ പ്രോസ്സസ് ചെയ്യാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് നിശ്ചയിച്ചിട്ടുള്ള ശരാശരി സേവന നിലവാരത്തേക്കാൾ കൂടുതൽ സമയം എടുക്കുന്നതിനെയാണ് ഇമിഗ്രേഷൻ ബാക്ക്‌ലോഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.