ഹൈവേ 401-ൽ അപകടം: കൂട്ടിയിടി നടന്നത് പ്രതിയെ പൊലീസ് തിരയുന്നതിനിടെ
ടൊറൻ്റോ : വിറ്റ്ബിയിലെ ഹൈവേ 401-ൽ ഉണ്ടായ വാഹനാപകടത്തിന് കാരണം പ്രതിയെ പൊലീസ് തിരയുന്നതിനിടെ ഉണ്ടായ കൂട്ടിയിടി. ഇന്നലെ രാത്രി എട്ടുമണിയോടെ ക്ലാരിംഗ്ടണിലെ എൽസിബിഒയിൽ കവർച്ച നടത്താൻ എത്തിയ [പ്രതിയെ പിന്തുടരുകയായിരുന്നു ദർഹാം റീജിൻ പൊലീസ്.
പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പിന്തുടരുന്നതിനിടയിൽ നിയന്ത്രണം വിട്ട പ്രതിയുടെ വാഹനം മറ്റ് ആറോളം വാഹനങ്ങളിൽ ഇടിച്ചു. അപകടത്തിൽ ഒരു കുഞ്ഞ് ഉൾപ്പടെ നാല് പേർ കൊല്ലപ്പെട്ടതായി എസ്ഐയു സ്ഥിരീകരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മറ്റൊരാളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവർച്ചക്ക് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നത് വ്യക്തമല്ല.
അപകടത്തെത്തുടർന്ന് ലേക്ക് റിഡ്ജ് റോഡ്/കൌണ്ടി റോഡ് 23-നും ബ്രോക്ക് സ്ട്രീറ്റിനും ഇടയിലുള്ള ഹൈവേ 12 മണിക്കൂറിലധികം അടച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ വീണ്ടും തുറന്നു. ബ്രോക്ക് സ്ട്രീറ്റിൽ നിന്ന് ഹൈവേ 412 വരെയുള്ള പടിഞ്ഞാറൻ പാതകളും അടച്ചിട്ടിരുന്നു. രാവിലെ ഏഴു മണിയോടെ റോഡുകൾ തുറന്നു.