സ്വവർഗ ബന്ധങ്ങൾ ക്രിമിനല്‍ കുറ്റമാക്കി ഇറാഖ്; 15 വർഷം വരെ തടവ്
സ്വവർഗ ബന്ധങ്ങളിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമാക്കി ഇറാഖ്. ഇത് സംബന്ധിച്ചുള്ള ബില്‍ പാർലമെന്റില്‍ പാസാക്കി. പിടിക്കപ്പെട്ടാല്‍ 15 വർഷം വരെ ജയില്‍ശിക്ഷ ലഭിക്കാം. ശനിയാഴ്ച പാർലമെന്റില്‍ നടന്ന ബില്ല് ചർച്ചയിൽ 329 അംഗങ്ങളിൽ 170 പേരുടെ പിന്തുണയോടെയാണ് ബിൽ പാസാക്കിയത്. 1988ലെ വേശ്യാവൃത്തി വിരുദ്ധ നിയമത്തിലെ ഭേദഗതികൾ വരുത്തി ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മൂന്ന് വർഷം തടവ് ശിക്ഷയും പുതിയ ബിൽ പ്രകാരം ലഭിക്കും.
ബില്ലിന്റെ ആദ്യ ഡ്രാഫ്റ്റ് പ്രകാരം സ്വവർഗബന്ധങ്ങൾക്ക് വധശിക്ഷ നൽകാനായിരുന്നു തീരുമാനം. നിലവിൽ സ്വവർഗാനുരാഗികളെയും ട്രാൻസ്ജെൻഡറുകളും രാജ്യത്ത് പലവിധത്തിലുള്ള ആക്രമണങ്ങൾക്കും വിവേചനങ്ങൾക്കും വിധേയരാവാറുണ്ട്. സ്വവർഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കുറഞ്ഞത് ഏഴ് വർഷത്തെ തടവും സ്ത്രീകളെ പോലെ ‘മനപ്പൂർവ്വം’ പെരുമാറുന്ന പുരുഷന്മാർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും ലഭിക്കും.
ഭേദഗതി വരുത്തിയ നിയമ പ്രകാരം ‘വ്യക്തിപരമായ ആഗ്രഹവും ലൈംഗിക ചായ്വുകളും അടിസ്ഥാനമാക്കിയുള്ള ലിംഗമാറ്റം’ കുറ്റകൃത്യമാക്കുകയും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ട്രാൻസ് വ്യക്തികളെയും ഡോക്ടർമാരെയും മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുകയും ചെയ്യുന്നു. ഇറാഖിലെ യാഥാസ്ഥിതിക സമൂഹത്തിൽ സ്വവർഗരതി നിഷിദ്ധമാണ്. എന്നാൽ ആദ്യമായിട്ടാണ് സ്വവർഗബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കി നിശ്ചയിച്ച് നിയമവും ശിക്ഷയും വിധിക്കുന്നത്.
നേരത്തെ ഇറാഖിലെ എൽജിബിടിക്വ്യൂഐ+ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ സ്വവർഗരതിയുടെ പേരിൽ വേശ്യാവൃത്തി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ച് വിചാരണയ്ക്ക് വിധേയരായിട്ടുണ്ട്. പുതിയ ബിൽ മൗലിക മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ദിവസേന വേട്ടയാടപ്പെടുന്ന ഇറാഖികളെ കൂടുതൽ അപകടത്തിൽ ആക്കുകയും ചെയ്യുന്നുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ ഇറാഖ് ഗവേഷകനായ റസാവ് സാലിഹി മാധ്യമങ്ങളോട് പറഞ്ഞു.