സൈബർ ആക്രമണം: ലണ്ടൻ ഡ്രഗ്സ് സ്റ്റോറുകൾ അടഞ്ഞുതന്നെ
വൻകൂവർ : സൈബർ ആക്രമണത്തെ തുടർന്ന് പടിഞ്ഞാറൻ കാനഡയിലുടനീളമുള്ള ഡസൻ കണക്കിന് ലണ്ടൻ ഡ്രഗ്സ് സ്റ്റോറുകൾ തിങ്കളാഴ്ചയും അടഞ്ഞുകിടക്കുന്നു. ഞായറാഴ്ച സൈബർ ആക്രമണം കണ്ടെത്തിയതിനെത്തുടർന്ന് ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, സസ്കാച്വാൻ മാനിറ്റോബ എന്നിവിടങ്ങളിലെ 78 സ്റ്റോറുകളാണ് അടച്ചത്.
നിലവിൽ ഉപയോക്താക്കളുടെയോ ജീവനക്കാരുടെയോ സ്വകാര്യ വിവരങ്ങൾ അടക്കമുള്ള ഡാറ്റ ചോർന്നതായി വിവരം ലഭിച്ചിട്ടില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. എന്നാൽ, തിങ്കളാഴ്ച രാവിലെ മുതൽ കമ്പനിയുടെ ഓട്ടോമേറ്റഡ് പ്രിസ്ക്രിപ്ഷൻ സംവിധാനവും ലഭ്യമല്ല. അടിയന്തര ആവശ്യങ്ങളുള്ള ഉപയോക്താക്കളെ സഹായിക്കുന്നതിനായി ഫാർമസിസ്റ്റുകൾ തയ്യാറാണെന്നും ലണ്ടൻ ഡ്രഗ്സ് പറയുന്നു.
സൈബർ സുരക്ഷാ വിദഗ്ധരുടെ സഹായത്തോടെ നെറ്റ്വർക്കും ഡാറ്റയും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. സൈബർ ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലണ്ടൻ ഡ്രഗ്സ് പുറത്തുവിട്ടിട്ടില്ല.