വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ: രണ്ട് ലക്ഷം ദിർഹം വരെ പിഴയീടാക്കും
അബുദാബി: അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും നിക്ഷിപ്ത താത്പര്യങ്ങൾക്കും വേണ്ടി ഏതെങ്കിലും രീതിയിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ അവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും പൊതുജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പ് സന്ദേശത്തിൽ അധികൃതർ വ്യക്തമാക്കി.
യുഎഇ പബ്ലിക് പ്രോസിക്യൂഷൻ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പോസ്റ്റ് ചെയ്ത്. നിയമത്തിന്റെ ആർട്ടിക്കിൾ 52 പ്രകാരം യുഎഇയിലെ ഔദ്യോഗിക സ്രോതസ്സുകൾ പ്രസിദ്ധീകരിച്ച വാർത്തകൾക്ക് വിരുദ്ധമായി തെറ്റായ വാർത്തകളും ഇല്ലാത്ത കഥകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആർക്കും കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.