ലണ്ടൻ ഡ്രഗ്സ് സ്റ്റോർ സൈബർ ആക്രമണം: വ്യക്തഗത വിവരങ്ങൾ ചോർന്നു
വൻകൂവർ : പടിഞ്ഞാറൻ കാനഡയിലുടനീളമുള്ള ഡസൻ കണക്കിന് ലണ്ടൻ ഡ്രഗ്സ് സ്റ്റോറുകളെ ബാധിച്ച സൈബർ ആക്രമണത്തിൽ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും വ്യക്തഗത വിവരങ്ങൾ ചോർന്നു. ഇന്ന് സ്റ്റോർ അടച്ചുപൂട്ടലിൻ്റെ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഏതൊക്കെ ഡാറ്റ ചോർന്നിട്ടുണ്ടെന്ന് വ്യക്തമല്ല.
ഞായറാഴ്ച സൈബർ ആക്രമണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ എന്നിവിടങ്ങളിലെ 78 സ്റ്റോറുകളാണ് അടച്ചത്. ഈ സ്റ്റോറുകൾ എപ്പോളാണ് വീണ്ടും തുറക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
സൈബർ ആക്രമണത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണത്തിൻ്റെ ഭാഗമായി തങ്ങളുടെ ടെലിഫോൺ ലൈനുകൾ താൽക്കാലികമായി പ്രവർത്തനരഹിതമാക്കിയതായി ലണ്ടൻ ഡ്രഗ്സ് പ്രസിഡൻ്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ക്ലിൻ്റ് മഹൽമാൻ അറിയിച്ചു. സൈബർ സുരക്ഷാ വിദഗ്ധരുടെ സഹായത്തോടെ നെറ്റ്വർക്കും ഡാറ്റയും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികൾ നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.