മേയറുടെ നടപടി മാതൃകാപരമെന്ന് ഡെപ്യൂട്ടി മേയർ: ഇറക്കിവിട്ടത് ശരിയായില്ലെന്ന് യുഡിഎഫ്
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രെെവറും തമ്മിലുള്ള തർക്കത്തിൽ പ്രമേയവുമായി തിരുവനന്തപുരം കോർപ്പറേഷൻ. ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്നാണ് തിരുവനന്തപുരം കോർപ്പറേഷൻ പ്രമേയം അവതരിപ്പിച്ചത്. മേയർക്ക് ഭരണപക്ഷം നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ നടപടി മാതൃകാപരമാണെന്ന് ഡപ്യൂട്ടി മേയർ പി കെ രാജു പറഞ്ഞു.
ബസ്സിൽ നിന്ന് യാത്രക്കാർ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു. ഇറക്കി വിട്ടതിന് തെളിവുണ്ടോ എന്ന് മേയർ ചോദിച്ചു. ഭരണ പക്ഷവുമായി വാക്കേറ്റം നടന്നതിനെ തുടർന്ന് യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ബിജെപി കൗൺസിലർമാർ നടുത്തളത്തിൽ മുദ്രാവാക്യം ഉയർത്തി. തലസ്ഥാന ജനതയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയറുടേത് എന്ന് ബിജെപി കൗൺസിലർമാർ പറഞ്ഞു.