മുടിയുടെ വളർച്ച മുതൽ രക്തസമ്മര്‍ദത്തിൻ്റെ നിയന്ത്രണം വരെ! സ്ട്രോബറിയുടെ ആരോഗ്യഗുണങ്ങൾ ചെറുതല്ല!
പ്രകൃതി നല്കുന്ന അതിമനോഹരമായ പഴങ്ങളിലൊന്നാണ് സ്ട്രോബറി. കാണാന്‍ ചന്തമുള്ള ഈ പഴം നാവിന് നല്ല വിരുന്നൊരുക്കുകയും ചെയ്യുന്നു. എന്നാല്‍, നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമുള്ള വിറ്റാമിന്‍ ‘സി’ യുടെ കലവറയാണ് സ്ട്രോബറിയെന്ന് അധികമാര്‍ക്കും അറിയില്ല.
മുടിയുടെ വളര്‍ച്ചയില്‍ ആശങ്കയുള്ളവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ഒന്നാണ് സ്ട്രോബറി. സ്ട്രോബറിയില്‍ വിറ്റാമിന്‍ ‘സി’ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും മുടിക്ക് കരുത്തും ആരോഗ്യവും പകരുകയും ചെയ്യും. ആപ്പിളിനൊപ്പം അല്ലെങ്കില്‍ അതിലുപരി ഗുണങ്ങള്‍ മനുഷ്യ ശരീരത്തിന് പകരുന്ന ഒന്നാണ് സ്ട്രോബറി.
വൈറ്റമിന്‍ ‘സി’ യുടെ നല്ലൊരു സ്രോതസ്സായതിനാല്‍, അണുബാധകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും, ക്വര്സെറ്റിന് എന്ന ഫ്ളാവനോയിഡ് ഹൃദ്രോഗത്തിന്റെ അപകടസാധ്യതകള്‍ കുറയ്ക്കുമെന്നും പഠനങ്ങളില്‍ പറയുന്നു.
ഇതിനു പുറമേ, ഇതില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുകയും നാരുകള്‍ മലബന്ധത്തെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സ്ട്രോബറിയില്‍ കാണപ്പെടുന്ന ആല്‍ഫ-ഹൈഡ്രോക്സി ആസിഡ് മൃതചര്‍മ്മകോശങ്ങളെ നീക്കം ചെയ്യുന്നതിനും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ സങ്കോചിപ്പിക്കുന്നതിനും മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
ഐസ്ക്രീം, ജ്യൂസ്, മില്‍ക്ക്ഷേക്ക്, ജാം, ജെല്ലി, സ്മൂതി, സലാഡ് തുടങ്ങിയവയിലെല്ലാം സ്ട്രോബറി ഇന്ന് ഒരു പ്രധാന ഘടകമാണ്.
വൈറ്റമിൻ സി, വൈറ്റമിൻ കെ, നാരുകൾ, ഫോളിക്ക് ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, വൈറ്റമിൻ ബി6 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സ്ട്രോബറി നിര്‍ബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണ്.
സ്ട്രോബറി വളരെ പെട്ടെന്ന് നശിച്ചുപോകുമെന്നതിനാല്‍ കരുതലോടെ വേണം സൂക്ഷിക്കേണ്ടത്. വൃത്തിയാക്കിയ സ്ട്രോബറി ഒരു പേപ്പര്‍ ടവ്വലില്‍ പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തില്‍ വച്ചുവേണം റഫ്രിജറേറ്ററില്‍ സൂക്ഷിക്കാന്‍.