മതചിഹ്ന നിരോധനം: എതിർപ്പുമായി കെബെക്ക് അധ്യാപക സംഘടന
കെബെക്ക് സിറ്റി : ജോലിസ്ഥലത്ത് മതചിഹ്നങ്ങൾ ധരിക്കുന്നതിൽ നിന്ന് വിലക്കുന്ന നിയമത്തെ കാനഡയിലെ സുപ്രീം കോടതിയിൽ എതിർക്കുമെന്ന് കെബെക്ക് അധ്യാപക സംഘടന. ഫെഡറേഷൻ ഓട്ടോണോം ഡി എൽ എൻസൈൻമെൻ്റ് (എഫ്എഇ) കെബെക്ക് സർക്കാർ നടപടിയെ എതിർത്ത് രംഗത്ത് എത്തിയിരിക്കുന്നത്.
തങ്ങളുടെ അംഗങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ യൂണിയന് കടമയുണ്ടെന്ന് മൺട്രിയോളിലെ പ്രധാന ഫ്രഞ്ച് ഭാഷാ സ്കൂൾ ബോർഡിലെ അധ്യാപകർ ഉൾപ്പെടെ, പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലായി 66,500 അധ്യാപകരെ പ്രതിനിധീകരിക്കുന്ന ഫെഡറേഷൻ വ്യക്തമാക്കി.
2019-ൽ അംഗീകരിച്ചതും ബിൽ 21 എന്നറിയപ്പെടുന്നതുമായ നിയമം അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ എന്നിവരുൾപ്പെടെ നിരവധി പൊതുമേഖലാ ജീവനക്കാരെ ജോലിസ്ഥലത്ത് മതചിഹ്നങ്ങൾ ധരിക്കുന്നതിൽ നിന്ന് വിലക്കുന്നു. കെബെക്ക് അപ്പീൽ കോടതി ഫെബ്രുവരിയിൽ നിയമം ശരിവച്ച് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് മൺട്രിയോൾ സ്കൂൾ ബോർഡ് ഈ മാസം സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് എഫ്എഇയും നിയമത്തിനെതിരെ രംഗത്ത് എത്തിയത്.