തിരുവനന്തപുരത്ത് മഴ കനക്കുന്നു; നഗരത്തിൽ വെള്ളക്കെട്ട്, കിള്ളിയാർ കരകവിഞ്ഞു…
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം, കനത്ത മഴയിൽ തിരുവനന്തപുരം നഗരഭാഗത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കണ്ണമ്മൂല അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വട്ടിയൂർക്കാവിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.
കേരളതീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും ജൂൺ 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.