ടൈറ്റാനിക്കിലെ യാത്രക്കാരന്റെ വാച്ച്: ലേലത്തില്‍ പോയത് റെക്കോര്‍ഡ് തുകയ്ക്ക്
ടൈറ്റാനിക് എന്ന ആഡംബര കപ്പലിലെ യാത്രക്കാരന്റെ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്. യുഎസിലെ സമ്പന്ന വ്യവസായിയായ ജോണ്‍ ജേക്കബ് ആസ്റ്ററിന്റെ സ്വര്‍ണ്ണ വാച്ചായിരുന്നു ലേലത്തില്‍ വെച്ചത്. ഏകദേശം 1 .17 ദശലക്ഷം പൗണ്ടിനാണ് (1.46 ദശലക്ഷം യു.എസ് ഡോളര്‍ ) ലേലം ചെയ്തത്.
ജോണ്‍ ജേക്കബിന്റെ ആദ്യാക്ഷരങ്ങളായ ജെ.ജെ.എ എന്നെഴുതിയ വാച്ച് ഇംഗ്ലണ്ടിലെ കമ്പനിയായ ഹെന്റി ആല്‍ഡ്രിഡ്ജ് & സണ്‍ ശനിയാഴ്ച്ചയായിരുന്നു വാച്ച് ലേലത്തില്‍ വിട്ടത്. ഏകദേശം 100,000 – 150,000 പൗണ്ടായിരുന്നു ലേലത്തില്‍ പ്രതീക്ഷിച്ചിരുന്നതെന്നും ഇത്രയും തുക പ്രതീക്ഷിച്ചതല്ലന്നും കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. യുഎസ് പൗരനാണ് വാച്ച് സ്വന്തമാക്കിയത്.
ടൈറ്റാനിക് യാത്രികരിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായിരുന്നു ആസ്റ്റര്‍. 1912 ഏപ്രില്‍ 15 ന് പുലര്‍ച്ചെ ടൈറ്റാനിക് അറ്റ്ലാന്റ്റിക്ക് ആഴങ്ങളിലേക്ക് മുങ്ങുമ്പോള്‍ ആസ്റ്ററിന് 47 വയസ്സായിരുന്നു പ്രായം. തന്റെ ഭാര്യയായ മഡലീനെയെ ലൈഫ് ബോട്ടില്‍ കയറ്റി ജീവന് രക്ഷിച്ചശേഷമായിരുന്നു ആസ്റ്റര്‍ മരണത്തിന് കീഴടങ്ങിയത്.