കാനഡ ബിസിനസ് പ്രോഗ്രാമുകളിലെ പുതിയ മാറ്റങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ
ഓട്ടവ : ആപ്ലിക്കേഷൻ ബാക്ക്ലോഗുകളും പ്രോസസ്സിംഗ് സമയവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കാനഡയിലെ ഫെഡറൽ ബിസിനസ് പ്രോഗ്രാമുകളിൽ നിരവധി മാറ്റങ്ങൾ ഇമിഗ്രേഷൻ മിനിസ്റ്റർ മാർക്ക് മില്ലർ പ്രഖ്യാപിച്ചു. പുതിയ മാറ്റങ്ങൾ നാളെ (ഏപ്രിൽ 30) മുതൽ പ്രാബല്യത്തിൽ വരും.
നാളെ മുതൽ സെൽഫ് എംപ്ലോയ്ഡ് പേഴ്സൺസ് പ്രോഗ്രാമിലേക്കുള്ള പുതിയ അപേക്ഷകൾ താൽക്കാലികമായി സ്വീകരിക്കില്ലെന്നും മന്ത്രി മില്ലർ പ്രഖ്യാപിച്ചു. ഈ പ്രോഗ്രാമിനായി ധാരാളം അപേക്ഷകൾ ലഭിച്ചതോടെ പ്രോസസ്സിങ് സമയം നാലു വർഷം വരെ നീണ്ടിരുന്നു. അതിനാൽ നിലവിലുള്ള അപേക്ഷകളുടെ പ്രോസസിങ് പൂർത്തീകരിക്കുന്ന സമയം വരെ പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് മാർക്ക് മില്ലർ വ്യക്തമാക്കി.
കൂടാതെ സ്റ്റാർട്ട്-അപ്പ് വീസ പ്രോഗ്രാം മെച്ചപ്പെടുത്തുന്നതിനായി, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ, ഏഞ്ചൽ ഇൻവെസ്റ്റർ ഗ്രൂപ്പുകൾ, ബിസിനസ് ഇൻകുബേറ്ററുകൾ എന്നിവരെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.ഇതിനായി വെഞ്ച്വർ ക്യാപിറ്റൽ, എയ്ഞ്ചൽ നിക്ഷേപകർ, ബിസിനസ് ഇൻകുബേറ്ററുകൾ എന്നിവയിൽ നിന്നുള്ള എല്ലാ അപേക്ഷകളും പ്രോസസ്സ് ചെയ്യുന്നതിന് IRCC മുൻഗണന നൽകും. 2013-ൽ പ്രോഗ്രാം ആരംഭിച്ചതുമുതൽ മുന്നൂറിലധികം സ്റ്റാർട്ടപ്പുകളെ സഹായിക്കുകയും ഏകദേശം 900 സംരംഭകർക്ക് സ്ഥിരതാമസത്തിന് സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്.