കനത്ത മഞ്ഞുവീഴ്ച്ച: കാൽഗറിയിൽ വൈദ്യുതിതടസം നേരിട്ട് ആയിരങ്ങൾ
കാൽഗറി : നഗരത്തിലെ കിഴക്കൻ മേഖലയിൽ മഞ്ഞ് മൂടിയതോടെ പ്രദേശത്തെ ആയിരക്കണക്കിന് ആളുകൾ വൈദ്യുതി തടസ്സം നേരിട്ടു. ബേവ്യൂ, ചിനൂക്ക് പാർക്ക്, ഈഗിൾ റിഡ്ജ്, ഗ്ലെൻമോർ പാർക്ക്, ഹെയ്സ്ബോറോ, കെൽവിൻ ഗ്രോവ്, പമ്പ് ഹിൽ എന്നിവിടങ്ങളിലെ 1,655 പേരെ വൈദ്യുതി തടസ്സം ബാധിച്ചു. കാൽഗറിയിലുടനീളം ഈ ആഴ്ച കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഞ്ഞുവീഴ്ച സാധ്യത കണക്കിലെടുത്ത് ഡ്രൈവർമാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.10 മുതൽ 25 സെൻ്റീമീറ്റർ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. മഞ്ഞു നീക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കാൽഗറി സിറ്റി കൗൺസിൽ അറിയിച്ചു. പ്രധാന റൂട്ടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വൃത്തിയാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന നൽകുക. ഇതിനായുള്ള ഫണ്ട് 15 ദശലക്ഷം ഡോളറിൽ നിന്ന് 22 ദശലക്ഷം ഡോളറായി ഉയർത്താനും ആലോചനയിലുണ്ട്.