ഒന്റാരിയോ സ്കൂളുകളില്‍ ഫോണ്‍ നിരോധനം സെപ്തംബര്‍ മുതല്‍
ടൊറന്റോ : പ്രവിശ്യയിലെ സ്കൂളുകളില്‍ സെല്‍ഫോണും വേപ്പിംഗും 2024-2025 അധ്യയന വര്‍ഷത്തില്‍ നിരോധിക്കുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സെപ്തംബറില്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്നും ഇതോടെ കിന്റര്ഗാര്ഡന് മുതല്‍ ആറാം ഗ്രേഡ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകന്റെ അനുവാദമില്ലാതെ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി സ്റ്റീഫൻ ലെച്ചെ അറിയിച്ചു. നിയമം ലംഘിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫോണ്‍ പിടിച്ചെടുക്കാന്‍ അധ്യാപകര്‍ക്ക് അധികാരമുണ്ടായിരിക്കും. കൂടാതെ വിവരം മാതാപിതാക്കളെ അറിയിക്കുകയും ചെയ്യും.
പുതിയ നിയമത്തിന്റെ ഭാഗമായി എല്ലാ സ്കൂള്‍ നെറ്റ്വര്ക്കുകളില് നിന്നും ഉപകരണങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ സൈറ്റുകളും നിരോധിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉപയോഗത്തിലുടെ വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ നിന്നും വ്യതിചലിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്ന്നാണ്ഈനീക്കം.
കൂടാതെ സ്കൂളില്‍ വേപ്പ് അല്ലെങ്കില്‍ ഇ-സിഗരറ്റ് ഉപയോഗത്തിനും സെപ്തംബര്‍ മുതല്‍ നിരോധം ഏര്‍പ്പെടുത്തും. ഇതിനായി സ്കൂളുകളില്‍ വേപ്പ് ഡിറ്റക്ടറുകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് 30 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുമെന്നും മന്ത്രി അറിയിച്ചു.