ഐ.സി.സി അറസ്റ്റ് വാറന്റ് ഭീഷണി: ആശങ്ക അറിയിച്ച് ഇസ്രായേൽ മന്ത്രി
ടെൽഅവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചേക്കുമെന്ന കിംവദന്തിക്കിടെ ഇതുസംബന്ധിച്ച് ആശങ്ക പങ്കുവെച്ച് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ്.
മുതിർന്ന ഇസ്രയേലി നേതാക്കൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത് ഹമാസിന്റെ ആത്മവീര്യം വർധിപ്പിക്കുമെന്നും അത്തരം നടപടികളിലേക്ക് കോടതി കടക്കില്ലെന്നാണ് പ്രതീക്ഷയെന്നും കാറ്റ്സ് പറഞ്ഞു. സ്വയം പ്രതിരോധത്തിനുള്ള ഇസ്രയേലിന്റെ അവകാശത്തെ തടസ്സപ്പെടുത്തുന്ന ഐ.സി.സിയുടെ ഒരു ശ്രമവും അംഗീകരിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെള്ളിയാഴ്ച പറഞ്ഞിരുന്നു.
2014ലെ യുദ്ധത്തിലെ യുദ്ധക്കുറ്റങ്ങളും അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ അനധികൃത ജൂത കുടിയേറ്റ കേന്ദ്ര നിർമാണവും സംബന്ധിച്ച് ഐ.സി.സി മൂന്നുവർഷം മുമ്പ് അന്വേഷണം ആരംഭിച്ചിരുന്നു. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചാൽ മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.