എഡ്മിന്റനിൽ തടവുകാരി ജയിൽ ചാടി
എഡ്മിന്റൻ : വാരാന്ത്യത്തിൽ നഗരത്തിലെ ജയിലിൽ നിന്നും രക്ഷപ്പെട്ട തടവുകാരിയെ കണ്ടെത്താൻ വാറണ്ട് പുറപ്പെടുവിച്ചതായി കറക്ഷണൽ സർവീസസ് ഓഫ് കാനഡ അറിയിച്ചു. എഡ്മിന്റനിലെ ബഫല്ലോ സേജ് വെൽനസ് ഹൗസിൽ നിന്നും 31 വയസ്സുള്ള യൂജീനിയ ഹെർമനാണ് രക്ഷപ്പെട്ടത്.
ആൽബർട്ടയിലെ നേറ്റീവ് കൗൺസിലിംഗ് സർവീസസ് ഉടൻ തന്നെ എഡ്മിന്റൻ പൊലീസ് സർവീസുമായി ബന്ധപ്പെടുകയും തടവുകാരിയ്ക്കെതിരെ അറസ്റ്റിന് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. നിരോധിത തോക്ക് കൈവശം വച്ചതിന് രണ്ടു വർഷം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു യൂജീനിയ ഹെർമനെന്ന് സിഎസ്സി പറഞ്ഞു. ഏകദേശം 126 പൗണ്ട് ഭാരമുള്ള ഹെർമന്റെ ശരീരത്തിൽ നിരവധി ടാറ്റൂകൾ ഉണ്ടെന്നും പൊലീസ് വെളിപ്പെടുത്തി.
യൂജീനിയ ഹെർമനെ കണ്ടെത്താൻ പൊലീസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ആൽബർട്ട നേറ്റീവ് കൗൺസിലിംഗ് സർവീസസും സിഎസ്സിയും പറഞ്ഞു. ഹെർമൻ എവിടെയാണെന്ന് വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടാൻ അഭ്യർത്ഥിച്ചു.