ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലിന് നേര്‍ക്ക് ഹൂതികളുടെ മിസൈല്‍
റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട എണ്ണക്കപ്പലിനുനേരെ ചെങ്കടലില്‍ ഹൂതികളുടെ ആക്രമണം. റഷ്യയിലെ പ്രിമോര്‍സ്കില്‍നിന്ന് ഗുജറാത്തിലെ വാദിനാറിലേക്കുള്ള യാത്രയ്ക്കിടെ യെമനിലെ മോച്ച തീരത്തിനു സമീപമാണു ആക്രമണമുണ്ടായത്. കപ്പലിനു നിസ്സാര കേടുപാടു പറ്റിയെന്നാണു യുഎസ് മിലിറ്ററി സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്. ഹൂതി സൈനിക വക്താവ് ആക്രമണം സ്ഥിരീകരിച്ചു.
മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണു കപ്പലിനുനേരെ തൊടുത്തത്. നവംബറിനുശേഷം ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ക്കുനേരെ അമ്പതിലേറെ മിസൈല്‍ ആക്രമണങ്ങളാണു ഹൂതികള്‍ നടത്തിയത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം നിര്‍ത്തുംവരെ കപ്പലുകളെ ലക്ഷ്യമിടുമെന്നാണു ഹൂതികളുടെ നിലപാട്.