അനധികൃത കുടിയേറ്റം: റുവാണ്ട ബില്ലിൽ അയര്‍ലൻഡിന് വിയോജിപ്പ്
അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി യുകെ പാർലമെന്റിൽ കഴിഞ്ഞയാഴ്ച പാസാക്കിയ ‘റുവാണ്ട സേഫ്റ്റി ബിൽ’ വിയോജിപ്പ് അറിയിച്ച് ഐറിഷ് സര്‍ക്കാര്‍. ബിൽ പാസായതിന് പിന്നാലെ യുകെയിലെ അനധികൃത കുടിയേറ്റക്കാര്‍ വടക്കന്‍ അയര്‍ലൻഡിന്റെ അതിർത്തി കടന്ന് അയര്‍ലൻഡിലേക്ക് എത്തുന്നതായി ഐറിഷ് സര്‍ക്കാര്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ യുകെയോട് പരിഹാരം ആവശ്യപ്പെട്ട് ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന് എന്നിവർ രംഗത്തെത്തി. അയർലൻഡ്, യുകെ ബന്ധത്തെ ബാധിക്കുന്ന വിഷയം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
അതേസമയം റുവാണ്ട ബിൽ ലക്ഷ്യം കാണുന്നതിന്റെ ഫലമാണ് വടക്കന്‍ അയർലൻഡിൽ നിന്നും കുടിയേറ്റക്കാർ അയര്‍ലൻഡിലേക്ക് കൂടുതലായി എത്തുന്നത് എന്നാണ് യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രതികരണം. എന്നാൽ ഇതിന് എതിരെ ഐറിഷ് പ്രധാനമന്ത്രി ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
കുടിയേറ്റവുമായി ബന്ധപ്പെട്ട് മറ്റുള്ളവര്‍ നേരിടുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ അയര്‍ലൻഡ് തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഹാരിസ്, ഇത്തരത്തില്‍ ഇവിടേക്ക് എത്തുന്ന അഭയാര്‍ഥികളെ യുകെയിലേയ്ക്ക് തന്നെ മടക്കി അയയ്ക്കാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന് മക്കന്റീക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.