അഗ്നിശമന സേനാംഗങ്ങളുടെ കുറവ്: ഒൻ്റാരിയോ പ്രതിസന്ധിയിലേക്ക്
ടൊറൻ്റോ : ഒൻ്റാരിയോയിൽ പുതിയൊരു കാട്ടുതീ സീസണ് തുടക്കമായ സാഹചര്യത്തിൽ അഗ്നിശമന സേനാംഗങ്ങളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഏപ്രിൽ 29 വരെ ഒൻ്റാറിയോയിൽ 14 കാട്ടുതീകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ജീവനക്കാരുടെ എണ്ണം 25 ശതമാനത്തോളം കുറവാണെന്ന് ഫോറസ്റ്റ് അഗ്നിശമന സേനാംഗങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിയൻ പറയുന്നു.
പ്രവിശ്യയിലെ അഗ്നിശമന ജീവനക്കാരിൽ 25 ശതമാനത്തോളം പേരുടെ കുറവുണ്ടെന്ന് ഒൻ്റാരിയോ പബ്ലിക് സർവീസ് എംപ്ലോയീസ് യൂണിയൻ ലോക്കൽ 703 വൈസ് പ്രസിഡൻ്റും പ്രവിശ്യാ ഫോറസ്റ്റ് ഫയർ ക്രൂ ലീഡറുമായ നോഹ ഫ്രീഡ്മാൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഒൻ്റാരിറിയോയിൽ 800 അഗ്നിശമന സേനാംഗങ്ങൾ ഉണ്ടായിരിക്കണം, എന്നാൽ, 200 പേരുടെ കുറവ് നേരിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം 630 ഫയർ ക്രൂ തസ്തികകൾ നികത്തിയിട്ടുണ്ടെന്ന് പ്രകൃതിവിഭവ, വനംവകുപ്പ് മന്ത്രിയുടെ ഓഫിസ് വക്താവ് പറഞ്ഞു. ഏപ്രിൽ-മെയ് മാസങ്ങളിൽ അഗ്നിശമന സേനാംഗങ്ങളുടെ നിയമനവും പരിശീലനവും തുടരുമെന്നും വക്താവ് മെലിസ കാൻഡലേറിയ അറിയിച്ചു.
ഒൻ്റാരിയോയിലും ആൽബർട്ടയിലും ബ്രിട്ടിഷ് കൊളംബിയയിലും കഴിഞ്ഞ വർഷത്തേക്കാൾ ശക്തമായ കാട്ടുതീ സീസൺ നേരിടേണ്ടി വരുമെന്ന് ഈ മാസം ആദ്യം ഫെഡറൽ എമർജൻസി പ്രിപ്പാർഡ്നെസ് മന്ത്രി ഹർജിത് സജ്ജൻ മുന്നറിയിപ്പ് നൽകിയിരുന്നു.