ശോഭയെ കണ്ടിട്ടില്ല, ഫോണില്‍ പോലും സംസാരിച്ചിട്ടില്ല: ഇപി ജയരാജന്‍
ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുവനന്തപുരത്ത് എത്തിയതായിരുന്നു ഇപി ജയരാജന്‍.
”ഞാന്‍ അവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും അവരോട് സംസാരിച്ചിട്ടില്ല. എനിക്കുനേരെയുള്ള ആക്രമണത്തിനു പിന്നില്‍ ആസൂത്രിതമായിട്ടുള്ള എന്തോ ഒരു പദ്ധതിയുണ്ട്. ആ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ എനിക്കെതിരെയുള്ള ആരോപണങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. .”-ജയരാജന്‍ പറഞ്ഞു.
പ്രകാശ് ജാവഡേക്കറുമായി നടത്തിയത് രാഷ്ട്രീയ ചര്‍ച്ചയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ”പ്രകാശ് ജാവഡേക്കര്‍ എന്നെ പരിചയപ്പെടമെന്ന് ആവശ്യപ്പെട്ടാണ് വന്നത്. പരിചയപ്പെട്ടു, പിരിഞ്ഞു. അദ്ദേഹത്തെ കൂട്ടി ടി.ജി. നന്ദകുമാര്‍ എന്തിനാണ് എന്റെ അടുത്തുവന്നത് എന്നതാണ് അന്വേഷിക്കേണ്ടത്.’-ജയരാജന്‍ പറഞ്ഞു.
ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഇ പി ജയരാജന്‍ തള്ളി. ‘കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ. ഞാന്‍ ബിജെപിയില്‍ ചേരാനോ. അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ? അല്‍പ്പബുദ്ധികള്‍ ചിന്തിക്കും. കേരളത്തിലെ പ്രധാനപ്പെട്ട പൊതുപ്രവര്‍ത്തകന്‍ അല്ലേ ഞാന്‍. അയ്യയ്യയ്യേ, ഞാന്‍ ബിജെപിയില്‍ ചേരുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ’, എന്നായിരുന്നു ഇ പി ജയരാജന്റെ മറുപടി.
ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ചര്‍ച്ച നടത്തിയെന്ന സംഭവം വാര്‍ത്തയായതോടെ ഇക്കാര്യം ജയരാജന്‍ പരസ്യമായി സമ്മതിച്ചിരുന്നു. ഇതുസംബന്ധിച്ച് സിപിഎമ്മിനുള്ളിലും സിപിഐയ്ക്കുള്ളിലും അതൃപ്തി പുകയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ജയരാജനെ തള്ളി അന്നുതന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുമെന്നാണ് സൂചന.