Header, Home Banner Feature, Home Banner Slider, Latest news, USA, World

വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു; ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പലസ്തീന്‍ പതാക ഉയര്‍ത്തി

ഗാസ യുദ്ധത്തിനെതിരായ പ്രകടനങ്ങള്‍ അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ തുടരുന്നതിടെ, യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധക്കാര്‍ ഹാര്‍വാര്‍ഡ് യാര്‍ഡിലെ ജോണ്‍ ഹാര്‍വാര്‍ഡ് പ്രതിമയ്ക്ക് മുകളില്‍ പലസ്തീന്‍ പതാക ഉയര്‍ത്തി.

പലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ ഐവി ലീഗ് സ്‌കൂള്‍ കാമ്പസില്‍ നടത്തിവരുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ശനിയാഴ്ച ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സംഭവം നടന്നത്. സംഭവത്തെ സര്‍വകലാശാല നയത്തിന്റെ ലംഘനം എന്ന് വിശേഷിപ്പിച്ച ഹാര്‍വാര്‍ഡ് വക്താവ്, ഇതില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ അച്ചടക്ക നടപടിക്ക് വിധേയരാകുമെന്നും കൂട്ടിച്ചേര്‍ത്തു.

അതെസമയം ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ഏപ്രില്‍ 18 ന് നടന്ന കൂട്ട അറസ്റ്റുകള്‍ക്ക് ശേഷം രാജ്യവ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 900 ലേക്ക് അടുക്കുന്നു. ബ്ലൂമിംഗ്ടണിലെ ഇന്ത്യാന യൂണിവേഴ്സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി എന്നിവയുള്‍പ്പെടെ വിവിധ കാമ്പസുകളില്‍ ശനിയാഴ്ച മാത്രം 275 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.