വിജയ് ചിത്രം ‘ഗോട്ടി’ലെ രണ്ടാമത്തെ ഗാനം ഉടൻ, അപ്ഡേറ്റുമായി വെങ്കട് പ്രഭു
സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിൻ്റെ ‘ദി ഗോട്ട്’. അതിനാൽ തന്നെ സിനിമയുടെ അപ്ഡേറ്റുകൾക്കായി വിജയ് ആരാധാകർ അക്ഷമരായി കാത്തിരിക്കുകയാണ്. അത്തരത്തിൽ ഒരു ആരാധകൻ വെങ്കട് പ്രഭുവിനോട് സിനിമയുടെ അപ്ഡേറ്റ് ചോദിച്ചതും അതിന് അദ്ദേഹം നൽകിയ മറുപടിയും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ഗോട്ടിലെ രണ്ടാമത്തെ ഗാനം എപ്പോൾ റിലീസ് ചെയ്യുമെന്നാണ് ആരാധകൻ ചോദിച്ചത്. ജൂണിൽ സിനിമയുടെ രണ്ടാം ഗാനം പുറത്തിറങ്ങുമെന്ന് വെങ്കട് പ്രഭു മറുപടിയും നൽകി. ഇതോടെ ജൂണിൽ സിനിമയുടെ രണ്ടാം ഗാനം എത്തുമെന്നതിന്റെ ആവേശത്തിലാണ് വിജയ് ആരാധകർ. കഴിഞ്ഞ വാരമായിരുന്നു ഗോട്ടിലെ ആദ്യ ഗാനം റിലീസ് ചെയ്തത്.
വിസിൽ പോട് എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളിൽ തന്നെ 25 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. വിജയ്, വെങ്കട് പ്രഭു, യുവൻ ശങ്കർ രാജ, പ്രേംജി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിജയ്, പ്രഭു ദേവ, പ്രശാന്ത്, അജ്മൽ തുടങ്ങിയവർ ചേർന്നുള്ള ഡാൻസ് നമ്പറിന് യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്.
മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്.