Gulf, Header, Home Banner Feature, Home Banner Slider

വികൃതിക്കുട്ടികളെ പാഠം പഠിപ്പിക്കാന്‍’ സിറിഞ്ച് പ്രയോഗം; കുവൈത്തിൽ അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

കുവൈത്ത് സിറ്റി: കുഴപ്പക്കാരായ വിദ്യാര്‍ഥികളെ അടക്കിയിരുത്താന്‍ ക്ലാസ്സ് മുറിയില്‍ സിറിഞ്ചുമായി പോയ പ്രവാസി അധ്യാപിക കുടുങ്ങി. കുവൈത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ക്ലാസ്സില്‍ അച്ചടക്കമില്ലാതെ പെരുമാറുന്ന കുട്ടികളെ പേടിപ്പിച്ച് അടക്കിയിരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സിറിയയില്‍ നിന്നുള്ള അധ്യാപികയുടെ സിറിഞ്ച് പ്രയോഗം. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയെ 21 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണ് കുവൈത്ത് പ്രോസിക്യൂട്ടര്‍മാര്‍.

സിറിഞ്ച് ക്ലാസ്സില്‍ കൊണ്ടുപോയെന്നു മാത്രമല്ല, രണ്ടു കുട്ടികളില്‍ സിറിഞ്ച് ഉപയോഗിച്ച് ‘ഇഞ്ചക്ഷന്‍’ എടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലാസ്സില്‍ വികൃതി കാട്ടിയ രണ്ട് വിദ്യാര്‍ഥികളിലാണ് ടീച്ചര്‍ സിറിഞ്ച് പ്രയോഗം നടത്തിയത്. മറ്റുള്ളവര്‍ക്കു കൂടി ഒരു പാഠമാവട്ടെ എന്ന രീതിയിലായിരുന്നു ടീച്ചറുടെ ഈ കടുംകൈ. ഇതേത്തുടര്‍ന്ന് അവരെ 21 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാനും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനും പ്രോസിക്യൂഷന്‍ തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.