വാഹനമോടിക്കുന്നതനിടെ ശാരീരിക പ്രശ്നം: വാഹനങ്ങൾ കൂട്ടിയിടിച്ച് വയോധികൻ മരിച്ചു
ടൊറൻ്റോ : വാഹനമോടിക്കുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്നുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ വിറ്റ്ബിയിലെ റോസ്‌ലാൻഡ് റോഡ് ആൻഡ് ഗാർഡൻ സ്ട്രീറ്റ് മേഖലയിലാണ് സംഭവം. 79 വയസ്സുകാരനായ വയോധികൻ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറ്റു രണ്ടു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു.
വാഹനം ഓടിക്കുന്നതിനിടെ വയോധികന് ഉണ്ടായ ശാരീരിക അവശതകളാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തിപെട്ട മറ്റ് രണ്ട് വാഹനങ്ങളുടെ ഡ്രൈവർമാരുടേയോ അതിലുണ്ടായിരുന്ന യാത്രക്കാരൻ്റെയോ പരുക്കുകളെ സംബന്ധിച്ച് വിവരം പുറത്തുവിട്ടിട്ടില്ല. അപകടത്തിൽ പെട്ട വൃദ്ധനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അടിയന്തര വൈദ്യസഹായം നൽകിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി മണിക്കൂറുകളോളം റോഡ് അടച്ചെങ്കിലും പിന്നീട് വീണ്ടും തുറന്നു.
അപകടത്തിന്റെ ഡാഷ് ക്യാമറ ഫൂട്ടേജ് ഉൾപ്പെടെ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദുർഹം റീജൺ പൊലീസുമായോ 905-579-1520 എന്ന നമ്പറിൽ ട്രാഫിക് സർവീസസ് ബ്രാഞ്ചിനെയോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു