വാഹനങ്ങൾ മോഷ്ടിച്ച് പാർട്സുകൾ വിൽക്കുന്ന സംഘം മിസ്സിസാഗയിൽ പിടിയിൽ
ടൊറൻ്റോ : അത്യാഢംബര വാഹനങ്ങൾ മോഷ്ടിച്ച് പാർട്സുകൾ വിൽക്കുന്ന സംഘത്തെ മിസ്സിസാഗയിൽ നിന്നും പിടികൂടിയതായി പീൽ പൊലീസ്. നാല് പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഏപ്രിൽ 9-ന് ബ്രാംപ്ടണിലെ ഒരു പ്ലാസയിൽ നിന്ന് പുതിയ മോഡൽ മെഴ്‌സിഡസ് ബെൻസ് മോഷ്ടിക്കപ്പെട്ടതിന് ശേഷം ആരംഭിച്ച അന്വേഷണത്തിൽ നെതർഹാർട്ട് റോഡിലെ ഒരു വർക്ക് ഷോപ്പിൽ നിന്നും നിരവധി വാഹനങ്ങൾ കണ്ടെത്തി. വാഹന തിരിച്ചറിയൽ നമ്പറുകൾ (വിഐഎൻ) വികൃതമാക്കിയ ഈ വാഹനങ്ങളുടെ എഞ്ചിനുകൾ പോലെയുള്ള പല പാർട്സുകളും അഴിച്ചു മാറ്റിയിരുന്നതായി പൊലീസ് പറയുന്നു.
പ്രതികൾ വാഹനങ്ങളുടെ പാർട്‌സുകൾ അഴിച്ചുമാറ്റി, അംഗീകൃത ഉൽപ്പന്നങ്ങൾ അനധികൃത വിൽപ്പനക്കാർ വിൽക്കുന്ന ഗ്രേ മാർക്കറ്റ് എന്ന് വിളിക്കുന്ന സ്ഥലത്ത് വിൽക്കുന്ന പ്രക്രിയയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വാഹനത്തിൻ്റെ ബാക്കി ഭാഗം ഒരു സ്ക്രാപ്പ് മെറ്റൽ യാർഡിലേക്ക് അയയ്ക്കും. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനങ്ങൾ പൊളിക്കാൻ ഉപയോഗിക്കുന്ന കൂടുതൽ ഭാഗങ്ങളും ഉപകരണങ്ങളും കണ്ടെത്തി. 225,000 ഡോളർ മൂല്യമുള്ള മോഷ്ടിച്ച എട്ട് വാഹനങ്ങൾ ഇവിടെ നിന്നും കണ്ടെത്തി.
മിസ്സിസാഗ, ബ്രാംപ്ടൺ, മിൽട്ടൺ, എറ്റോബിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായ പ്രതികൾ. ഇവർക്കെതിരെ മോട്ടോർ വാഹനമോഷണം, വാഹനത്തിൻ്റെ തിരിച്ചറിയൽ നമ്പർ തിരുത്തൽ തുടങ്ങിയ ഉൾപ്പെടെ 18 കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.