വരൾച്ച: കർഷകരെ സഹായിക്കാൻ 80 ദശലക്ഷം ഡോളർ പ്രഖ്യാപിച്ച് ബിസി
വിക്ടോറിയ : കഴിഞ്ഞ വർഷം ഉണ്ടായ വരൾച്ചയെ തുടർന്ന് പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ 80 ദശലക്ഷം ഡോളർ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ ഗവൺമെൻ്റ്. ഈ വർഷത്തെ ശൈത്യകാലത്ത് മഞ്ഞും മഴയും കുറഞ്ഞത് ഇത്തവണത്തെ വേനൽക്കാലത്ത് വരൾച്ച കഴിഞ്ഞ വർഷത്തേക്കാൾ മോശമായിരിക്കുമെന്ന് ബിസി പ്രീമിയർ ഡേവിഡ് എബി പറയുന്നു. വിളകൾക്കും കന്നുകാലികൾക്കുമായി വെള്ളം സംഭരിക്കാൻ ധനസഹായം പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസം മുതൽ കർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം.
ജലസേചനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജലലഭ്യതയും സംഭരണവും മെച്ചപ്പെടുത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സഹായിക്കുന്നതിന് കാർഷിക ജല ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിലൂടെയാണ് ധനസഹായം വിതരണം ചെയ്യുന്നത്. ജലസേചനത്തിനും ജലവിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി കഴിഞ്ഞ വർഷം 20 ദശലക്ഷം ഡോളർ അനുവദിച്ചിരുന്നു. മറ്റൊരു വരൾച്ചയ്‌ക്ക് തയ്യാറെടുക്കുമ്പോൾ കൂടുതൽ തുക അനുവദിക്കുന്നത് നൂറുകണക്കിന് കർഷകർക്ക് പ്രയോജനപ്പെടുമെന്ന് പ്രീമിയർ ഡേവിഡ് എബി അറിയിച്ചു.