Breaking news, Latest news, World

ലൈംഗികാതിക്രമ കേസ്: ഫ്രഞ്ച് നടൻ ജെറാർഡ് ഡിപാർഡിയുവിനെ ചോദ്യം ചെയ്തു

പാരീസ് : ബലാത്സംഗ കുറ്റാരോപിതനായ ഫ്രഞ്ച് നടൻ ജെറാർഡ് ഡിപാർഡിയുവിനെ പൊലീസ് തിങ്കളാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ചു. ഫ്രാൻസിലെ മുൻനിര സിനിമാതാരങ്ങളിൽ ഒരാളായ ഡിപാർഡിയു സമീപ വർഷങ്ങളിൽ ഉയർന്ന് വന്ന ലൈംഗികാതിക്രമ ആരോപണങ്ങളുടെ കേന്ദ്രബിന്ദുവാണ്. രണ്ട് വ്യത്യസ്ത സിനിമ സെറ്റുകളിലായി രണ്ട് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നിലവിൽ ജെറാർഡ് ഡിപാർഡിവിനെതിരെയുള്ള ആരോപണം.

ലൈംഗികാതിക്രമ ആരോപണങ്ങളെ താരം പൂർണമായും എതിർക്കുകയാണ്. ചോദ്യം ചെയ്യലിനു ശേഷം താരത്തെ കുറ്റം ചുമത്താതെ വിട്ടയച്ചതായി അദ്ദേഹത്തിൻ്റെ അഭിഭാഷകരിലൊരാളായ ക്രിസ്റ്റ്യൻ സെൻ്റ്-പലൈസ് പറഞ്ഞു. രണ്ട് ലൈം​ഗീകാരോപണങ്ങളിൽ ഒന്ന് 2014ലും മറ്റൊന്ന് 2021ലുമാണ്.

ഡിപാർഡിയുവിൻ്റെ കേസിനെ അധികൃതരുടെ വീഴ്ച്ചയായാണ് ചിലർ കാണുന്നത്. ഇത്തരം കേസുകൾ തെളിയിക്കപ്പെടാതെയും കേസെടുക്കാതെയും പോകുന്നത് രാജ്യത്തിൻ്റെ കഴിവില്ലായ്മയുടെ ഭാ​ഗമാണെന്നാണ് ചില സ്ത്രീകൾ ആരേപിക്കുന്നത്. അതേസമയം, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ അടക്കം നിരവധി മറ്റ് താരങ്ങൾ ഡിപാർഡിയുവിനെ അനുകൂലിച്ച് സംസാരിക്കുകയുണ്ടായി.