Header, Home Banner Feature, Home Banner Slider, Latest news, World

യു.എസ് ഡ്രോണ്‍ വെടിവെച്ചിട്ട് ഹൂതികള്‍; ബ്രിട്ടന്റെ എണ്ണക്കപ്പലിന് നേരെയും ആക്രമണം

ചെങ്കടല്‍ വഴി കടന്നു പോകുന്ന കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണവുമായി യെമനിലെ ഹൂതി വിമതര്‍. ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലാണ് ഹൂതി വിമതര്‍ ഇക്കൂറി ആക്രമിച്ചത്. ഇതിന് പുറമെ ഒരു യുഎസ് ഡ്രോണ്‍ വെടിവച്ചിട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹൂതി സൈനിക വക്താവ് യഹിയ സാരിയ ഇക്കാര്യം അറിയിച്ചത്.

ബ്രിട്ടന്റെ എണ്ണ കപ്പലായ ആന്‍ഡ്രോമിഡ സ്റ്റാറിന് നേരെയാണ് മിസൈല്‍ തൊടുത്തതെന്ന് ഹൂതി സൈനിക വക്താവ് യഹിയ സാരി അവകാശപ്പെട്ടു. കപ്പലുകള്‍ തകര്‍ക്കാനുപയോഗിക്കുന്ന നാവല്‍ മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് ഹൂതികള്‍ അവകാശപ്പെടുന്നത്. അതേസമയം കപ്പലിന് ചെറിയ കേടുപാടുകളെ സംഭവിച്ചുള്ളൂവെന്നും യാത്ര തുടരുകയാണെന്നുമാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിക്കുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കപ്പല്‍ ആക്രമിച്ചതിന് പുറമെയാണ് യുഎസ് മിലിട്ടറിയുടെ എംക്യു-9 എന്ന ഡ്രോണും ഹൂതി വിമതര്‍ തകര്‍ത്തത്. ഹൂതി ആക്രമണങ്ങളെ ചെറുക്കാനായി പ്രദേശത്ത് വിന്യസിച്ചിട്ടുള്ള നാവികസേനാ സഖ്യം സുരക്ഷിതരായി തുടരുന്നുണ്ട്. ഡ്രോണ്‍ തകര്‍ന്ന വിഷയത്തില്‍ യുഎസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ചെങ്കടലില്‍ ഹൂതികള്‍ ആക്രമണം ആരംഭിച്ചതിന് സേഷം ഇത് മൂന്നാം തവണയാണ് യുഎസ് ഡ്രോണ്‍ വെടിവച്ചിടുന്നത്. കഴിഞ്ഞ നവംബര്‍, ഫെബ്രുവരി മാസങ്ങളിലും സമാനമായ രീതിയില്‍ യുഎസ് ഡ്രോണുകള്‍ വെടിവച്ച് വീഴ്ത്തിയിരുന്നു.