Breaking news, Header, Home Banner Feature, Home Banner Slider, Kerala, Latest news

ബിജെപി പ്രവേശനം: ഇപിയുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തി, ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ദല്ലാള്‍ ടി ജി നന്ദകുമാറിനെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ആവര്‍ത്തിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ബിജെപി പ്രവേശനം ലക്ഷ്യം വെച്ച് ഇപിയുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്ന വാദവും ശോഭ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. നന്ദകുമാറുമായി ജയരാജനുള്ളത് പാര്‍ട്ടിയോടുള്ളതിനേക്കാള്‍ വലിയ ബന്ധമാണോ എന്നും ശോഭ ചോദിച്ചു.

താന്‍ സിപിഐഎമ്മില്‍ ചേരാന്‍ ശ്രമിച്ചെന്ന ആരോപണം തെറ്റാണെന്നും താന്‍ എല്‍ഡിഎഫില്‍ പോകുമെന്ന് സ്വപ്‌നം കാണാനേ നന്ദകുമാറിന് കഴിയൂവെന്നും ശോഭ പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ആസൂത്രിതമാണെന്നാണ് ഇപി ജയരാജന്‍ നേരത്തേ പറഞ്ഞത്. പിന്നില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ആണെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.

ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഇ പി ജയരാജന്‍ ആവര്‍ത്തിച്ചു.ശോഭാസുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി മരണപ്പെട്ട സമയത്താണ് അടുത്തുകണ്ടത്. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. അവരുടെ പ്രസംഗം വളരെ മോശമാണ്. അവരെ കാണുകയോ സംസാരിക്കുയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. ആസുത്രിത പദ്ധതിയുടെ ഭാഗമായിട്ടാണ് നിലവിലെ ആരോപണങ്ങള്‍. മാധ്യമങ്ങള്‍ നിഷ്പക്ഷമായി അന്വേഷിക്കണം.’ ഇ പി ജയരാജന്‍ ആവര്‍ത്തിച്ചു.

ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഇ പി ജയരാജന്‍ തള്ളി. ‘കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ. ഞാന്‍ ബിജെപിയില്‍ ചേരാനോ. അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ? അല്‍പ്പബുദ്ധികള്‍ ചിന്തിക്കും. കേരളത്തിലെ പ്രധാനപ്പെട്ട പൊതുപ്രവര്‍ത്തകന്‍ അല്ലേ ഞാന്‍. അയ്യയ്യയ്യേ, ഞാന്‍ ബിജെപിയില്‍ ചേരുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ’, എന്നായിരുന്നു ഇ പി ജയരാജന്റെ മറുപടി.