Header, Home Banner Feature, Home Banner Slider, World

പ്രളയം: കെനിയയിൽ അണക്കെട്ട് തകര്‍ന്ന് 50 മരണം

നയ്‌റോബി: മാര്‍ച്ച് പാതിമുതല്‍ കനത്തമഴ പെയ്യുന്ന കെനിയയില്‍ അണക്കെട്ട് തകര്‍ന്ന് 50 ഓളംപേര്‍ മരിച്ചു. പടിഞ്ഞാറന്‍ കെനിയയിലെ ഗ്രേറ്റ് റിഫ്റ്റ് വാലി മേഖലയിലെ ഓള്‍ഡ് കിജാബെ അണക്കെട്ടാണ് തിങ്കളാഴ്ച പുലര്‍ച്ചെ തകര്‍ന്നത്. വെള്ളപ്പാച്ചിലില്‍ വീടുകള്‍ തകര്‍ന്നു.

ഒരുമാസത്തിലേറെയായി പെയ്യുന്ന മഴയിലും പ്രളയത്തിലും ഇതുവരെ 120-ല്‍ അധികം പേര്‍ മരിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ കനത്തമഴയില്‍ കെനിയയിലെ പ്രധാന വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. വിമാനങ്ങള്‍ പലതും വഴിതിരിച്ചുവിട്ടു. സ്‌കൂള്‍ തുറക്കല്‍ മാറ്റിവെച്ചു. രണ്ടുലക്ഷത്തിലധികംപേരെ പ്രളയം ബാധിച്ചു.

കനത്ത മഴ പെയ്യുന്നതിനാല്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പലതും പ്രളയത്തിന്റെ പിടിയിലാണ്. ടാന്‍സാനിയയില്‍ 155 പേര്‍ മരിച്ചു. ബുറണ്‍ഡിയില്‍ രണ്ടുലക്ഷത്തിലധികംപേരെ പ്രളയം ബാധിച്ചു. പ്രളയത്തില്‍ 109 പേര്‍ ചികിത്സയിലും 50 പേരെ കാണാതെ പോയിട്ടുമുണ്ട്. എല്‍ നിനോ എന്ന കാലാവസ്ഥാ പ്രതിഭാസമാണ് കിഴക്കന്‍ ആഫ്രിക്കയിലെ കനത്ത മഴയ്ക്ക് കാരണമായതെന്ന് റിപ്പോട്ടുകളുണ്ട്.