പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ അണയാതെ യുഎസ് ക്യാമ്പസുകള്‍
പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ തുടർന്ന് അമേരിക്കൻ ക്യാമ്പസുകൾ. നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഇൻഡ്യാന യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ശനിയാഴ്ച ഇരുന്നൂറോളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. പല ക്യാമ്പസുകളിലും സമരത്തെ പൊലീസ് സഹായത്തോടെ അധികൃതർ അടിച്ചമർത്തുണ്ട്.
ഏപ്രിൽ 18 മുതൽ യുഎസ് ക്യാമ്പസുകളിൽ നിന്ന് 700 ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഉണ്ടായ പ്രതിഷേധ ക്യാമ്പുകൾ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെൻ്റ് തകർത്തെറിഞ്ഞു. പല കേസുകളിലും അറസ്റ്റിലായ ഭൂരിഭാഗം പേരും മോചിതരായിട്ടുണ്ട്.
നോർത്ത് ഈസ്റ്റേണിൽ പ്രതിഷേധക്കാരായ വിദ്യാർഥികൾ ക്യാമ്പസിൻ്റെ സെൻ്റിനിയൽ കോമണിൽ ക്യാമ്പ് സ്ഥാപിച്ചിരുന്നു. പിന്നാലെ നൂറുകണക്കിന് വിദ്യാർഥികൾ പിന്തുണയുമായി എത്തി. പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും പല വിദ്യാർഥികളും തയ്യാറായില്ല. അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ, അനധികൃത ക്യാമ്പ്‌മെൻ്റ് സ്ഥാപിച്ചതിന് 69 പേരെ ശനിയാഴ്ച പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സർവകലാശാല നയത്തിൻ്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രതിഷേധക്കാർ ക്യാമ്പ് ഉണ്ടാക്കിയെന്നും പിരിഞ്ഞുപോകാൻ പലതവണ നിർദ്ദേശം നൽകിയിരുന്നെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സർവകലാശാല അഭിപ്രായ സ്വാതന്ത്ര്യത്തെ ഉൾക്കൊള്ളുന്ന ഒരു അന്തരീക്ഷമായി തുടരുമെങ്കിലും പഠനത്തെ പിന്തുണക്കുന്ന സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പ്രഥമ പരിഗണനയെന്നും കോളേജ് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു