പന്നൂനെ വധിക്കാന്‍ മുന്‍ റോ ഓഫീസര്‍ പദ്ധതിയിട്ടിരുന്നെന്ന റിപ്പോര്‍ട്ട് തളളി ഇന്ത്യ
ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ അമേരിക്കന്‍ മണ്ണില്‍ വച്ച് വധിക്കാന്‍ മുന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പദ്ധതിയിട്ടെന്ന വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. റിപ്പോര്‍ട്ട് അനാവശ്യവും അടിസ്ഥാനരഹിതവുമാണെന്നും വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, യുഎസ് ഉന്നയിക്കുന്ന സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല സമിതിയുടെ അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു.
ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിലെ (റോ) മുന്‍ ഉദ്യോഗസ്ഥനായ വിക്രം യാദവ്, യുഎസില്‍ താമസിക്കുന്ന ഖലിസ്ഥാന്‍ ഭീകരനായ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ വധിക്കാന്‍ ലക്ഷ്യമിട്ട് ഒരു സംഘത്തെ നിയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.
ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെ അമേരിക്കന്‍ മണ്ണില്‍ വെച്ച് വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്ത ഉള്‍പ്പെട്ടിരുന്നുവെന്ന് ആരോപിച്ച് യു എസ് പ്രോസിക്യൂട്ടര്‍മാര്‍ നവംബറില്‍ മാന്‍ഹട്ടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പേര് വെളിപ്പെടുത്താത്ത ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു ഇതെന്നും ആരോപിച്ചിരുന്നു. വിക്രം യാദവാണ് ഈ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ എന്നായിരുന്നു വാഷിംങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. ഇതിനെതിരെയാണ് ഇപ്പോള്‍ ഇന്ത്യ രംഗത്തെത്തിയത്.