തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ജോസച്ചായൻ നേരത്തെയെത്തും! ‘ടർബോ’ റിലീസ് പ്രഖ്യാപിച്ചു
സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ടർബോ’.ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വമ്പൻ അപ്ഡേറ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതി മാറ്റി. മെയ് 23 ആണ് പുതുക്കിയ തീയതി. ജൂൺ 13ന് ആയിരുന്നു ടർബോയുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
വൈശാഖ് ആണ് ചിത്രത്തിൻ്റെ സംവിധാനം. മിഥുൻ മാനുവൽ തോമസിൻ്റെതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷത്തിൽ ടർബോയിൽ ഉണ്ടാകും.
ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’ ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കി.മീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. ‘ട്രാൻഫോർമേഴ്‌സ്’, ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ ‘പഠാൻ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.