ട്രൂഡോ നിൽക്കെ കാനഡയിൽ ഖലിസ്ഥാന് സിന്ദാബാദ്; നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധിച്ചുട്രൂഡോ
ടൊറന്റോയിൽ ഖൽസ ആഘോഷത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രസംഗിക്കാനെത്തിയപ്പോൾ ഖലിസ്ഥാൻ സിന്ദാബാദ് വിളികൾമുഴങ്ങിയത് വിവാദമായി. പ്രധാനമന്ത്രിയുടെ ഞായറാഴ്ചത്തെ ഔദ്യോഗിക പരിപാടികളിൽ ഖൽസ ദിനാഘോഷം ഇല്ലായിരുന്നെങ്കിലും ഉച്ചകഴിഞ്ഞാണ് ഇത് ഉൾപ്പെടുത്തിയതും ഓട്ടവയിൽനിന്ന് ട്രൂഡോ ടൊറന്റോയിൽ എത്തിയതും. അതാകട്ടെ ഇന്ത്യ- കാനഡ ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാക്കുന്നതിനു വഴിയൊരുക്കുകയും ചെയ്തു. നിങ്ങളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും എക്കാലവും സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, നിങ്ങളുടെ സമൂഹത്തോടുള്ള വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ ശക്തമായ നിലപാടെടുക്കുമെന്നും പ്രസംഗത്തിൽ വ്യക്തമാക്കി.
പരിപാടിയുടെ ദൃശ്യങ്ങൾ ലഭിച്ചതോടെ ന്യൂഡൽഹിയിൽ കാനഡയുടെ ഡപ്യൂട്ടി ഹൈകമ്മിഷണറെ വിളിച്ചുവരുത്തി, വിഘടനവാദത്തെ തുടർച്ചയായി പ്രോൽസാഹിപ്പിക്കുന്ന കാനഡയുടെ സമീപനത്തിൽ ഇന്ത്യയ്ക്കുള്ള ശക്തമായ പ്രതിഷേധവും കടുത്ത ആശങ്കയും അറിയിച്ചു. കാനഡയിലെ ഇന്ത്യൻ സമൂഹത്തിനുതന്നെ വെല്ലുവിളിയാകുകയാണ് ഖലിസ്ഥാൻ അനുകൂലികളുടെ നിലപാടുകളെന്നും ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് കനേഡിയൻ അധികൃതർ പക്ഷേ പ്രതികരിച്ചിട്ടില്ല.
ട്രൂഡോയ്ക്ക് പിന്നാലെ കനേഡിയൻ പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവും ന്യൂ ഡമോക്രാറ്റിക് പാർട്ടി ലീഡർ ജഗ്മീത് സിങ്ങും ഖൽസ ദിന ആഘോഷവേദിയിൽ പ്രസംഗിച്ചിരുന്നു. ഈ സമയങ്ങളിലും ഖലിസ്ഥാൻ സിന്ദാബാദ് വിളികൾ കേൾക്കാമായിരുന്നു.
ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ട്രൂഡോ പാർലമെന്റിൽ ആരോപിച്ചതു മുതൽ ഇന്ത്യ- കാനഡ ബന്ധം വഷളായി നിൽക്കുന്നതിനിടെയാണ് ഖലിസ്ഥാൻ അനുകൂലികളോടുള്ള മൃദുസമീപനം തുടരുന്നത്. ഖലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യ തീവ്രവാദി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന ഹർദീപ് സിങ് നിജ്ജാർ കഴിഞ്ഞവർഷം ജൂണിലാണ് സറേയിൽ കൊല്ലപ്പെട്ടത്.
പഞ്ചാബിന് പുറത്ത് ഏറ്റവും കൂടുതൽ സിഖ് വംശജർ താമസിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കാനഡ. ഇന്ത്യയിലെ കർഷക സമരവേളയിൽ ഉൾപ്പെടെ ഒട്ടേറെ സമയങ്ങളിൽ ഇവിടെയുള്ള ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യാവിരുദ്ധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. സമീപകകാലത്ത് ടൊറന്റോയിൽ ഇന്ത്യയിലെ കോൺസുലേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടികളിലൊന്നിൽ ദേശീയ പതാകയെ അപമാനിക്കുന്നതും കാണാമായിരുന്നു.