Health & Fitness, Health & Life Tips

ചൂടല്ല, കൊടും ചൂട് തന്നെ! എങ്ങനെ പ്രതിരോധിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

എത്ര വെള്ളം കുടിച്ചാലും തീരാത്ത ദാഹം.. ശമനമില്ലാത്ത ക്ഷീണം.. ഫാനോ എസിയോ ഇല്ലാതെ മുറിയില്‍ മിനുട്ടുകള്‍പോലും ചെലവഴിക്കാനാവാത്ത അവസ്ഥ.. കുളിച്ചുകഴിഞ്ഞ് പുറത്തിറങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിയര്‍ത്തൊലിച്ച് പരുവമാകുന്ന സ്ഥിതി..മുന്നിലുള്ള ഓരോ ദിനങ്ങളും വറച്ചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീഴുന്ന അവസ്ഥയിലാണ് മലയാളികള്‍. സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും ചൂട് കൂടി വരുന്ന സാഹചര്യമാണ്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ ഒട്ടാകെ വേനൽ ചൂട് ക്രമാതീതമായി കൂടി വരികയാണ്.

കേരളത്തിലെ അന്തരീക്ഷ താപനില വർദ്ധിച്ച തോതിൽ അനുഭവപ്പെടുന്നതിനാൽ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. മാത്രമല്ല, ഇക്കാര്യത്തിൽ മുൻകരുതലുകൾ ഒന്നും തന്നെ സ്വീകരിച്ചില്ലെങ്കിൽ വെയിൽ നേരിട്ട് ഏൽക്കേണ്ടി വരുന്ന, കെട്ടിടങ്ങളുടെ ഉള്ളിൽ ഇരിക്കാത്ത, പുറമെ ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇക്കാരണം കൊണ്ടുതന്നെ, ചൂട് കൂടുതലുള്ള പകൽസമയത്ത് വെയിൽ ഏൽക്കാതിരിക്കണമെന്ന കർശന നിർദേശമാണ് ആരോഗ്യ വിദഗ്ധർ അടക്കം നൽകിയിരിക്കുന്നത്. 4 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾ, 65 വയസിനു മുകളിൽ പ്രായമുള്ളവർ, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ രോഗം ഉളളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അതികഠിനമായ ചൂട് കാരണം മരണം വരെ സംഭവിക്കാവുന്ന ഒന്നാണ് സൂര്യാഘാതം. കടുത്ത വേനലിൽ നിന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആളുകൾ മരണപ്പെട്ടതും നമ്മൾ കണ്ടു. അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുമ്പോൾ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതു മൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളെയും തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം. ഇതുകൊണ്ട് തന്നെ നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കേണ്ടതുമാണ്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിർജലീകരണം. ചൂട് കാലമായതിനാല്‍ ദഹിച്ചില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, തലകറക്കം, ക്ഷീണം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, വളരെ ഉയർന്ന ശരീരതാപം, ചര്‍മ്മം ചുവന്ന് ഉണങ്ങി വരളുക, ശക്തമായ തലവേദന, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, ശരീരത്തിലെ ജലം നഷ്ടപ്പെടുക, ചര്‍ദ്ദി, ഓക്കാനം, ശക്തിയായ തലവേദന, സാധാരണയിൽ കൂടുതലായി വിയര്‍ക്കുക എന്നിവയൊക്കെയാണ് ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ.

മേൽപറഞ്ഞ ലക്ഷണങ്ങളോ സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാലോ ഉടൻതന്നെ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലം കണ്ടെത്തി മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുകയും വേണം. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുകയോ ഫാൻ, എ സി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുകയോ ചെയ്യണം. ധാരാളം പാനീയങ്ങൾ കുടിക്കുകയോ ഫലങ്ങളും സാലഡുകളും കഴിക്കുകയോ ചെയ്യുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പു വരുത്തേണ്ടതാണ്.

വേനൽകാലത്ത് കുറച്ചെങ്കിലും ആശ്വാസം ലഭിക്കാനും ആരോഗ്യം സംരക്ഷിക്കാനും ചെയ്യാൻ കഴിയുന്ന ചില മാർഗങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് വെള്ളം കുടിക്കുന്നത്. ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇത് നിർജലീകരണം തടയാൻ സഹായിക്കും. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവർ ആവശ്യത്തിന് വെള്ളം കുടിക്കാൻ കയ്യിൽ കരുതുക.

വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 11 മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി ജോലി സമയം ക്രമീകരിക്കുക. ഈ സമയത്ത് കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുന്നത് നേരിട്ടുള്ള വെയിൽ ഏൽക്കുന്നത് തടയും. ചൂട് തങ്ങി നിൽക്കാതിരിക്കാനും കാറ്റ് കടക്കാനും വാതിലുകളും ജനലുകളും തുറന്നിടുന്നതും നല്ലതാണ്. കട്ടി കുറഞ്ഞതോ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ, തൊപ്പി, കണ്ണട എന്നിവയും ധരിക്കുന്നതും ഗുണം ചെയ്യും. വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും ഇരുത്തിയിട്ട് പോകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.