Header, Home Banner Feature, India, Latest news

ചാമരാജനഗര്‍ എം.പി ശ്രീനിവാസ് പ്രസാദ് അന്തരിച്ചു

കര്‍ണാടക ചാമരാജനഗര്‍ എം.പിയും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. ശ്രീനിവാസ് പ്രസാദ് അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1.27നായിരുന്നു അന്ത്യം.മൃതദേഹം 9 മണിക്ക് മൈസൂരുവിലെ ദസറ എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

1974 മാര്‍ച്ച് 17ന് കൃഷ്ണരാജ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ഒന്‍പത് പ്രാവശ്യം ചാമരാജനഗറില്‍ നിന്നും ശ്രീനിവാസ് മത്സരിച്ചിട്ടുണ്ട്. ആറ് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയിട്ടുണ്ട്. 1999 മുതല്‍ 2004 വരെ വാജ്‌പേയി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നു. കര്‍ണാടക റവന്യു മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 14 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുള്ള പ്രസാദ് എട്ടെണ്ണത്തില്‍ വിജയിച്ചു.

രാഷ്ട്രീയ ജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന് ശേഷം മാര്‍ച്ച് 17 ന് പ്രസാദ് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും മുന്‍ മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പയും ഉള്‍പ്പെടെ കോണ്‍ഗ്രസിലെയും ബി.ജെ.പിയിലെയും നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതിനാല്‍ മൈസൂരിലെ ജയലക്ഷ്മിപുരത്തുള്ള അദ്ദേഹത്തിന്റെ വസതി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായിരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തെ കര്‍ണാടകയിലെ പ്രമുഖ നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു.