Alberta, British Columbia, Canada, Header, Home Banner Feature, Home Banner Slider, International, Latest news, Local, Manitoba, Northwest Territories, Nova Scotia, Nunavut, Ontario, Quebec, Saskatchewan, Special, USA, Yukon

കൊളറാഡോ ന്യൂനമർദ്ദം: കാനഡയിൽ കനത്ത മഴയും മഞ്ഞുവീഴ്ച്ചയും

ഓട്ടവ : യു എസിൽ ആരംഭിച്ച കൊളറാഡോ ന്യൂനമർദ്ദത്തെ തുടർന്നുള്ള ശക്തമായ കൊടുങ്കാറ്റും മഴയും അതിർത്തി കടന്ന് ചില കനേഡിയൻ പ്രവിശ്യകളെയും ബാധിക്കുന്നു. ഒൻ്റാരിയോ, കെബെക്ക് പ്രവിശ്യകളിലെ ചില പ്രദേശങ്ങളിൽ കനത്ത മഴയും മഞ്ഞുവീഴ്ച്ചയും അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ അറിയിച്ചു.

സെൻട്രൽ ഒൻ്റാരിയോയിൽ, മൂന്ന് മില്ലിമീറ്റർ വരെ മഞ്ഞുവീഴ്ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് തിങ്കളാഴ്ച ഉച്ചയോടെ മഴയായി മാറുമെന്നും 20 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ഗ്രേറ്റ് ലേക്‌സ് പ്രദേശങ്ങളിലും മഴ ലഭിക്കും. ടൊറൻ്റോ ഉൾപ്പെടെയുള്ള എറി, ഒൻ്റാരിയോ ലേക്ക്, കിംഗ്സ്റ്റൺ, ഓട്ടവ മേഖലകളിൽ ശക്തമായ ഇടിമിന്നലിനും സാധ്യത ഉണ്ട്.

കിഴക്കൻ കാനഡയിൽ, കൊളറാഡോ ന്യൂനമർദ്ദത്തിന്‍റെ ഫലങ്ങൾ ബുധനാഴ്ചയോടെ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് രാവിലെ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിൽ മഞ്ഞുമഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഉച്ചയോടെ മഞ്ഞുമഴ കനത്ത മഴയായി മാറുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. പ്രവിശ്യയിലെ ചില പ്രദേശങ്ങളിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ 25 മുതൽ 45 മില്ലിമീറ്റർ വരെ മഴ ഉണ്ടാകും. പടിഞ്ഞാറൻ കാനഡയിൽ, ബ്രിട്ടിഷ് കൊളംബിയയുടെ വടക്കൻ ഭാഗത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. രണ്ട് മുതൽ 15 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച്ചയാണ് പ്രതീക്ഷിക്കുന്നത്.

ആൽബർട്ടയിലെ ബാൻഫ് നാഷണൽ പാർക്ക്, കനനാസ്കിസ്, ഒകോടോക്‌സ് പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാൽഗറി ഉൾപ്പെടെ മറ്റു പ്രദേശങ്ങളിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ആൽബർട്ട-സസ്കാച്വാൻ അതിർത്തിയിൽ കനത്ത മഞ്ഞുവീഴ്ച്ചയാണ് എൻവയൺമെൻ്റ് കാനഡ പ്രവചിക്കുന്നത്.

തിങ്കളാഴ്ച രാവിലെ വരെ മാനിറ്റോബ, മാരിടൈംസ്, നൂനവൂട്ട്, നോർത്ത് വെസ്റ്റ് ടെറിറ്ററീസ്, യൂകോൺ എന്നിവിടങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.