കേരളം ഉരുകുന്നു: 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്; 3 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത
കടുത്ത ചൂടില്‍ വലഞ്ഞ് കേരളം. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ താപനില ഉയരാം. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാം.
വെള്ളിയാഴ്ച മുതല്‍ പാലക്കാട് ഉഷ്ണതരംഗം തുടരുകയാണ്. ഭൂമധ്യരേഖയില്‍ നിന്ന് ഉത്തരായന രേഖയിലേക്കുള്ള സഞ്ചാരപാതയിലാണ് സൂര്യന്‍. ഈ ദിവസങ്ങളിലെ സൂര്യന്റെ സ്ഥാനവും വേനല്‍ മഴയിലെ വലിയ കുറവുമാണ് നിലവിലെ ചൂടിന് കാരണമെന്നാണ് നിഗമനം. ശരാശരിയേക്കാള്‍ 62 ശതമാനം കുറവാണ് വേനല്‍ മഴയില്‍ ഉണ്ടായിട്ടുളളത്. കോട്ടയം ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴക്കുറവുണ്ട്.
സംസ്ഥാനത്ത് ഒരാഴ്ച കൂടി കൊടും ചൂട് തുടരാന്‍ സാധ്യതെയന്നാണ് മുന്നറിയിപ്പ്. അടുത്തയാഴ്ച അവസാനത്തോടെ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നും പ്രവചിക്കുന്നു. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. മേയ് പകുതിയോടെ കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴയും പ്രതീക്ഷീക്കാം. എല്‍ നിനോ അവസാനിച്ച് ലാ നിന പ്രതിഭാസം എത്തുന്നതോടെ ഇത്തവണ അതിവര്‍ഷവും പ്രവചിക്കുന്നുണ്ട്.