Breaking news, Header, Home Banner Feature, Home Banner Slider, Latest news, Local

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: മേയറുടെ വാദം പൊളിയുന്നു, സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്

കെഎസ്ആർടിസി ബസ് തടഞ്ഞിട്ടില്ലെന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ വാദം പച്ചക്കള്ളം. ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞതിന്റെ ദൃശ്യം പുറത്തായി. സീബ്ര ലൈനിൽ കാർ നിർത്തിയാണ് മേയറും സംഘവും ബസ് തടഞ്ഞത്. ഇതോടെ കെഎസ്ആർടിസി ഡ്രൈവറുമായുള്ള വാക്പോരിൽ മേയറുടെ വാദം പൊളിയുകയാണ്.

മാധ്യമങ്ങളെ കാണുമ്പോഴും, തന്റെ വാഹനം ബസ് തടഞ്ഞിട്ടില്ലെന്നാണ് ആര്യ ആവർത്തിച്ചത്. പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലെ റെഡ് സിഗ്നലിലാണ് കാർ നിർത്തിയതെന്നും ഇതിനു ശേഷമാണ് കാറിൽ നിന്നും ഇറങ്ങി ഡ്രൈവറോട് സംസാരിച്ചതെന്നുമാണ് ആര്യ പറഞ്ഞത്.

അതേസമയം, ബസ് തടയുന്നതിനു വേണ്ടിയാണ് കാർ മുന്നിലിട്ടതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇതോടെ മേയർ പൊലീസിനു നൽകിയ മൊഴിയും പൊളിയും. തന്റെ നിയന്ത്രണത്തിലുള്ള സ്മാർട്ട് സിറ്റി അധികൃതരോട് സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ മേയർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ ചോദിച്ചപ്പോൾ നിങ്ങൾ കണ്ടെത്തിക്കോളൂ എന്നായിരുന്നു ആര്യയുടെ മറുപടി. ദൃശ്യം പുറത്തുവന്നതോടെ തന്റെ സർവീസ് മുടക്കിയെന്ന കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതി നിലനിൽക്കും. കെഎസ്ആർടിസി നിയമമനുസരിച്ച് ട്രിപ്പ് മുടക്കിയാൽ നഷ്ടപരിഹാരം ഉൾപ്പെടെ കെട്ടിവയ്ക്കണം.