Latest news, World

ഇസ്രയേലിന് സഹായം: ജർമനിയെ തടയണമെന്ന ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി

ഇസ്രയേലിനുള്ള സൈനിക സഹായവും മറ്റ് സഹായങ്ങളും നിർത്തിവെക്കാൻ ജർമനിയോട് ഉത്തരവിടണമെന്ന നികരാഗ്വയുടെ അപേക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. ഇസ്രയേലിന് ആയുധങ്ങളും പിന്തുണയും നൽകി ജർമനി വംശഹത്യയെ സഹായിക്കുകയാണെന്ന് നികരാഗ്വ ചൂണ്ടിക്കാട്ടി.

ഗാസയിലെ യു.എൻ സഹായ ഏജൻസിക്ക് ധനസഹായം പുതുക്കാനും ജർമനിയോട് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നിയമ വ്യവസ്ഥ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. അതേസമയം ഗാസയിലെ അവസ്ഥകളിൽ അതീവ ഉത്ക്കണ്ഠയുണ്ടെന്ന് കോടതി പറഞ്ഞു.

ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34,535 ആയി. 77,704 പേർക്ക് പരുക്കേറ്റു. ഒക്ടോബർ ഏഴിനുശേഷം ഇസ്രയേൽ നടപടികളിൽ കിഴക്കൻ ജറൂസലം ഉൾപ്പെടെ വെസ്റ്റ് ബാങ്കിൽ 469 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 4,974 പേർക്ക് പരുക്കേറ്റു. അതേസമയം അമേരിക്കൻ നിർമിത വ്യോമ പ്രതിരോധ സംവിധാനം പാട്രിയോട്ടിന്റെ ഉപയോഗം ഇസ്രയേൽ സൈന്യം അവസാനിപ്പിക്കുന്നതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. പകരം രണ്ടുമാസത്തിനകം നൂതന സംവിധാനം ഒരുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.