ഇപി വിവാദം: സുരേന്ദ്രന്റെ വെളിപ്പെടുത്തലില്‍ ബിജെപി നേതൃത്വത്തിന് അതൃപ്തി; അച്ചടക്ക നടപടിക്ക് സാധ്യത
എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ചര്‍ച്ചകള്‍ നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലില്‍ ബിജെപിയില്‍ അതൃപ്തി. വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയേക്കുമെന്ന വിലയിരുത്തലാണ് സംസ്ഥാന ദേശീയ നേതൃത്വത്തിനുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൂടിയായ ശോഭയുടെ വെളിപ്പെടുത്തല്‍ അനവസരത്തിലാണെന്ന വിലയിരുത്തുന്ന പാര്‍ട്ടി നേതൃത്വം വിഷയത്തില്‍ അച്ചടക്ക നടപടിക്ക് മുതിര്‍ന്നേക്കുമെന്ന് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശോഭയുടെ തുറന്നു പറച്ചിലും തുടര്‍ന്നുണ്ടായ വിവാദങ്ങളും ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചയ്ക്ക് തടസം സൃഷ്ടിച്ചേക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. കൂടാതെ പണവും പദവിയും വാഗ്ദാനം ചെയ്ത് പാര്‍ട്ടി നേതാക്കളെ ചാക്കിട്ടുപിടിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തി പകരുന്നതാണ് ശോഭയുടെ പ്രതികരണമെന്ന വിലയിരുത്തലും ദേശീയ നേതൃത്വത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഇ പി ജയരാജന്‍. ആരോപണം ഉന്നയിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കണമെന്നും, അല്ലാത്ത പക്ഷം രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്.