Alberta, Canada, Header, Home Banner Feature, Home Banner Slider, Latest news, Local, Ontario, Special

ആൽബർട്ടയിലെ വാഹനാപകടങ്ങൾക്ക് കാരണം അശ്രദ്ധമായ ഡ്രൈവിങ്

കാൽഗറി : ആൽബർട്ടയിലെ വാഹനാപകടങ്ങളിൽ 25 ശതമാനത്തിലധികവും അശ്രദ്ധമായ ഡ്രൈവിങ് മൂലമെന്ന് പുതിയ റിപ്പോർട്ട്. ട്രാൻസ്‌പോർട്ട് കാനഡ, ആൽബർട്ട ഗവൺമെൻ്റ്, സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ, കനേഡിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ എന്നിവയിൽ നിന്നും ശേഖരിച്ച വിവരങ്ങൾ പ്രകാരം അശ്രദ്ധയോടെയുള്ള ഡ്രൈവിങ് കാരണം ആൽബർട്ടയിൽ 2021-ൽ 76 മരിച്ചതായി കണ്ടെത്തി. 2020-നേക്കാൾ 30 എണ്ണം കൂടുതലാണിത്.

2022-ൽ അശ്രദ്ധമായ ഡ്രൈവിങുമായി ബന്ധപ്പെട്ട് ആൽബർട്ടയിൽ 13,898 കേസുകളിൽ നിന്നായി 3,988,726 ഡോളർ പിഴ ഈടാക്കി. കാനഡയിലെ വാഹനാപകട മരണങ്ങളിൽ 19.7 ശതമാനവും അശ്രദ്ധയോടെയുള്ള ഡ്രൈവിങ് കാരണമാണ്. എല്ലാ കനേഡിയൻ പ്രവിശ്യകളിലും അശ്രദ്ധമായി വാഹനമോടിക്കുന്നതിന് ലഭിക്കുന്ന ശിക്ഷ വളരെ കുറവാണെന്നും HelloSafe പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ആൽബർട്ടയിൽ, ഇത്തരം കുറ്റങ്ങൾക്കുള്ള ശിക്ഷ 287 ഡോളർ പിഴയും മൂന്ന് ഡീമെറിറ്റുകളും മാത്രമാണ്.

അതേസമയം ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുന്നത് ഒൻ്റാരിയോയിലാണ്. ഇവിടെ 615 ഡോളറിനും 1,000 ഡോളറിനും ഇടയിൽ പിഴയും മൂന്ന് ഡീമെറിറ്റുകളും മൂന്ന് ദിവസത്തെ ലൈസൻസ് സസ്പെൻഷനുമാണ് ശിക്ഷ. കുറ്റം ആവർത്തിക്കുന്ന പക്ഷം 2000 ഡോളർ വരെ പിഴയും ആറ് ഡീമെറിറ്റുകളും ഏഴ് ദിവസത്തെ സസ്പെൻഷനും നൽകുമ്പോൾ മൂന്നാമത്തേതും തുടർന്നുള്ള ഓരോ കുറ്റത്തിനും 3000 ഡോളർ വരെ പിഴയും ആറ് ഡീമെറിറ്റുകളും 30 ദിവസത്തെ ലൈസൻസ് സസ്പെൻഷനും ലഭിക്കും.